വി ഡിയെ കണ്ട് തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽകണ്ട് അഭിനന്ദനങ്ങൾ അറിയിച്ച് തുഷാർ വെള്ളാപ്പള്ളി. സൗഹൃദ സന്ദർശനം മാത്രമാണെന്നും മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം വ്യക്തമാക്കി. വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിൽ സന്തോഷമുണ്ടെന്നും തങ്ങൾ പഴയ സുഹൃത്തുക്കളാണെന്നും തുഷാർ മാധ്യമങ്ങളോട് പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി തന്നെ രണ്ടുമൂന്ന് തവണ വിളിച്ചിരുന്നുവെങ്കിലും ആ സമയത്ത് വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഇന്ത്യയ്ക്ക് പുറത്തായിരുന്നതിനാൽ എത്താൻ സാധിച്ചില്ലെന്ന് തുഷാർ വെളിപ്പെടുത്തി. അന്ന് ഫോണിലൂടെ ബന്ധപ്പെടാനും പ്രയാസമുണ്ടായിരുന്നു. വിദേശത്തുനിന്ന് മടങ്ങിയെത്തിയ ശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്തുള്ള ദിവസം നോക്കി നേരിട്ട് കണ്ട് അഭിനന്ദിക്കാനാണ് താൻ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്എൻഡിപി യോഗവും രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, സംഘടന ഇതുവരെ ഒരു പാർട്ടിക്കെതിരെ നിൽക്കാനോ സഹായിക്കാനോ ഔദ്യോഗികമായി തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം മറുപടി നൽകി. ജനറൽ സെക്രട്ടറി മുൻപ് നടത്തിയ വിമർശനങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണെന്നും സംഘടന എന്ന നിലയിൽ കോൺഗ്രസിനെയോ ബിജെപിയെയോ കമ്മ്യൂണിസ്റ്റ് പാർട്ടിയെയോ ഉപദ്രവിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *