കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിൻ്റെ വിരൂപമായ മുഖമാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ജനാധിപത്യത്തിന് എതിരായ ആക്രമണമാണിത്, കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉടൻ നടപടി എടുക്കണമെന്ന് രാഹുൽഗാന്ധി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം സൗത്ത് 24 പർഗാനയിലെ സോണാർപൂർ ഗ്രാമത്തിൽ തിരഞ്ഞെടുപ്പ് സംഘർഷങ്ങൾക്കിടെ കൊല്ലപ്പെട്ട തൃണമൂൽ പ്രവർത്തകൻ്റെ കുടുംബത്തെ സന്ദർശിക്കുന്നതിടെയായിരുന്നു ആക്രമണം ഉണ്ടായത്. ജനശ്രദ്ധ ഒഴിവാക്കാൻ ഇരുചക്ര വാഹനത്തിലാണ് അഭിഷേക് ഗ്രാമത്തിലേക്ക് എത്തിയത്. എന്നാൽ വഴിയോരങ്ങളിൽ തടിച്ചുകൂടിയ നാട്ടുകാർ അഭിഷേകിന് നേരെ കല്ലുകളും മുട്ടയും ചെരുപ്പും എറിഞ്ഞു. ഉന്തും തള്ളുമുണ്ടായപ്പോൾ അഭിഷേക് ബാനർജിയുടെ ഷർട്ട് കീറി, കണ്ണട ഒടിഞ്ഞു.
അംഗരക്ഷകർ ഇടപെട്ടാണ് അഭിഷേകിനെ രക്ഷപ്പെടുത്തിയത്. അതേസമയം,തനിക്കെതിരെ വധശ്രമമാണ് ഉണ്ടായതെന്നും , ബിജെപിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും അഭിഷേക് ആരോപിച്ചു .ആക്രമണത്തിനെതിരെ ബംഗാൾ ഗവർണറെയും കൽക്കട്ട ഹൈക്കോടതിയും സമീപിക്കാൻ ഒരുങ്ങുകയാണ് തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജി.
