ഹജ്ജ് സീസണിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സൗദി

റിയാദ്: ഹജ്ജ് സീസണിൽ നിയന്ത്രണം കടുപ്പിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. വിസിറ്റ് വിസയിലെത്തുന്നവർക്ക് നിയമവിരുദ്ധമായി താമസസൗകര്യം നൽകുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വിസിറ്റ് വിസയിലുള്ളവർക്ക് താമസസൗകര്യം ഒരുക്കുകയോ അവരെ ഒളിപ്പിച്ചു വെക്കുകയോ ചെയ്യന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

ഹോട്ടലുകൾ, അപ്പാർട്ടുമെന്റുകൾ , സ്വകാര്യ വസതികൾ , താൽക്കാലിക ഷെൽട്ടറുകൾ, തീർത്ഥാടകർക്കായി നീക്കിവെച്ചിട്ടുള താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ വിസിറ്റ് വിസക്കാരെ താമസിപ്പിക്കുന്നത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കും. മക്ക നഗരത്തിലും പുണ്യസ്ഥലങ്ങളിലും താമസിക്കാൻ ആവശ്യമായ സഹായം നൽകുന്നവർക്കും ഈ നിയമം ബാധകമാണ്. ദുൽ-ഖാഅദ ഒന്നാം തീയതി മുതൽ ദുൽഹജ്ജ് പതിനാലാം തീയതി അവസാനം വരെയാണ് ഈ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുക.

ഓരോ നിയമലംഘകരുടെയും എണ്ണത്തിനനുസരിച്ച് പിഴ തുക ഇരട്ടിയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഹജ്ജ് സീസൺ സുരക്ഷിതമായി പൂർത്തിയാക്കുന്നതിനും തീർത്ഥാടകരുടെ സുരക്ഷാ ഉറപ്പാക്കുന്നതിനും അധികൃതർ ഏർപ്പെടുത്തിയിട്ടുള്ള നിർദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണം. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *