ന്യൂഡൽഹി : പശ്ചിമേഷ്യൻ യുദ്ധത്തിന്റെ സാഹചര്യത്തിൽ ഇന്ധന കയറ്റുമതിക്ക് രാജ്യം ഏർപ്പെടുത്തിയ അധികതീരുവ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ. ആഗോള ഇന്ധന വിലയിലുണ്ടായ മാറ്റങ്ങൾ കണക്കിലെടുത്താണ് പെട്രോൾ, ഡീസൽ, വിമാന ഇന്ധനം എന്നിവയുടെ കയറ്റുമതി തീരുവയിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പെട്രോളിന്റെ കയറ്റുമതി തീരുവ ലിറ്ററിന് മൂന്ന് രൂപയിൽനിന്ന് 1.5 രൂപയായും ഡീസലിന്റേത് ലിറ്ററിന് 16.5 രൂപയിൽനിന്ന് 13.5 രൂപയായും കുറച്ചു. വിമാന ഇന്ധനത്തിന് 16 രൂപയിൽനിന്ന് ലിറ്ററിന് 9.5 രൂപയായി കുറയും. പുതുക്കിയ നിരക്കുകൾ 2026 ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽവരുമെന്ന് സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കി.
പശ്ചിമേഷ്യൻ യുദ്ധത്തെതുടർന്ന് ആഗോള ഊർജ വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ രാജ്യത്ത് ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനായി 2026 മാർച്ച് 27 മുതലാണ് ഇത്തരത്തിൽ അധിക തീരുവ ഏർപ്പെടുത്തിത്തുടങ്ങിയത്. നിലവിൽ അന്താരാഷ്ട്ര വിപണിയിലെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയും ഇന്ത്യയിലെ നിരക്കും ഏകദേശം തുല്യമായ സാഹചര്യത്തിലായതുകൊണ്ടാണ് കയറ്റുമതി നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ തീരുമാനിച്ചത്. അതേസമയം, കയറ്റുമതി തീരുവയിൽ മാറ്റം വരുത്തിയെങ്കിലും ആഭ്യന്തര വിപണിയിലെ പെട്രോൾ, ഡീസൽ നിരക്കുകളിൽ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
