ന്യൂഡൽഹി: ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിൽ ഇരുന്ന നേതാവെന്ന റെക്കോർഡ് സ്വന്തമാക്കാനൊരുങ്ങി നരേന്ദ്ര മോദി. 2014 മെയ് 26നാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റത്. ജൂൺ 10ന് മോദി പ്രധാനമന്ത്രി പദത്തിൽ 4,399 ദിവസങ്ങൾ പൂർത്തിയാക്കും. ഇതോടെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി പ്രധാനമന്ത്രി പദത്തിൽ തുടർച്ചയായ 4,398 ദിവസങ്ങൾ പൂർത്തിയാക്കിയ നെഹ്റുവിൻ്റെ റെക്കോർഡ് മോദി മറികടക്കും. 1952 മെയ് 13 മുതൽ 1964 മെയ് 27 വരെയായിരുന്നു നെഹ്റുവിൻ്റെ കാലയളവ്. 1947 മുതൽ 1952 വരെ നെഹ്റു പ്രധാനമന്ത്രി പദവി വഹിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പിലൂടെ അല്ലായിരുന്നു അധികാരമേറ്റത്. ഇന്ദിര ഗാന്ധി 4,077 ദിവസങ്ങളാണ് പ്രധാനമന്ത്രി പദവി വഹിച്ചത്.
അതേസമയം മോദി സർക്കാർ ഇന്ന് പതിമൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. പശ്ചിമ ബംഗാളിലും ബിഹാറിലും നേടിയ മിന്നും ജയങ്ങളോടെ മൂന്നാം മോദി സർക്കാർ രാഷ്ട്രീയ സ്ഥിരത ഉറപ്പിച്ചു. മണ്ഡല പുനർ നിർണയം, വനിതാ സംവരണം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ പ്രധാന ബില്ലുകൾ പാസാക്കി എടുക്കാമെന്ന പ്രതീക്ഷയും സർക്കാരിനുണ്ട്.
കഴിഞ്ഞ 12 വർഷത്തിനിടയിൽ ഇന്ത്യ ഒട്ടേറെ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ മാറ്റങ്ങളുടെയെല്ലാം കേന്ദ്രബിന്ദു പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ക്ഷേമമാണ്. ‘അന്ത്യോദയ’യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പതിറ്റാണ്ടുകളായി വികസനം എത്താത്തവരിലേക്ക് അതിന്റെ ഗുണഫലങ്ങൾ എത്തിക്കാനാണ് ഞങ്ങൾ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ജൻ ധൻ അക്കൗണ്ടുകൾ, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം എന്നിവ മുതൽ സ്വച്ഛ് ഭാരത്, പിഎം ആവാസ് യോജന, ജൽ ജീവൻ മിഷൻ, ആയുഷ്മാൻ ഭാരത് തുടങ്ങിയ ഓരോ പദ്ധതിക്കും പിന്നിൽ ലളിതമായ ഒരു ലക്ഷ്യമേയുള്ളൂ. അത് ജനങ്ങൾക്ക് അന്തസ്സും അവസരങ്ങളും ഉറപ്പാക്കുക എന്നതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
