തിരുവനന്തപുരം: തിരുവനന്തപുരത്ത് വെച്ച് നാടകീയ രംഗങ്ങൾക്കൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്ത ബിജെപി കൗൺസിലർ ആർ. സുഗതനെ സെൻട്രൽ ജയിലിലേക്ക് മാറ്റി. ജില്ലാ കളക്ടർ കാപ്പ ചുമത്തി കരുതൽ തടങ്കലിനിടാൻ നിർദേശിച്ച ആളാണ് സുഗതൻ. ആദ്യമായിട്ടാണ് കാപ്പയില്‍ ഒരു കൗണ്‍സിലര്‍ ജയിലില്‍ പോകുന്നത്. അതേസമയം അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ ആക്രമിച്ചതിന് സുഗതനെതിരെ പുതിയ ഒരു കേസ് കൂടി എടുത്തിട്ടുണ്ട്. സുഗതനും ചേട്ടനും ചേർന്ന് മർദിക്കുകയും തള്ളി താഴെ ഇടുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്.
രണ്ട് മാസം മുമ്പ് അമ്പലത്തിലെ ഉത്സവത്തിനിടെ സിപിഎം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ സുഗതനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് ഇന്നലെ ഇയാളുടെ വീട്ടിൽ എത്തിയത്. നേരത്തെ തന്നെ പത്തോളം കേസുകളിൽ പ്രതിയായ സുഗതനെതിരെ കാപ്പ ചുമത്തുകയും ഇപ്പോഴത്തെ വധശ്രമ കേസിൽ സുഗതന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു. ഒളിവിൽ ആയിരുന്ന സുഗതൻ വീട്ടിൽ എത്തിയത് അറിഞ്ഞാണ് പൊലീസ് എത്തിയത്. സ്ഥലത്ത് ബിജെപി പ്രവർത്തകർ വളഞ്ഞത്തോടെ സിഐ ആകാശത്തേക്ക് വെടിയുതിർത്തതിന് ശേഷമാണ് സുഗതനെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, പൊലീസ് മർദ്ദിച്ചെന്നായിരുന്നു സുഗതന്‍റെ പരാതി. പൊലീസ് കുടുംബത്തെ മർദ്ദിച്ചെന്നും ചിക്കൻ പോക്സ് ബാധിതനാണ് താനെന്നും ഹാജരാകാൻ രണ്ട് ദിവസം സമയം ചോദിച്ചിട്ടും പൊലീസ് അനുവദിച്ചില്ലെന്നുമാണ് സുഗതൻ പറയുന്നത്. പൊലീസ് വീടിനുള്ളിൽ കയറി ഭാര്യയെയും മകനെയും അടിച്ചുവെന്നും സുഗതൻ ആരോപിച്ചു. പൊലീസ് തന്നെ മർദ്ദിക്കുകയും മുഖത്തടിക്കുകയും ചെയ്‌തെന്നാണ് സുഗതന്റെ ഭാര്യ അശ്വതിയുടെ ആരോപണം.
