മുംബൈ: തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിമത എംഎൽഎമാർക്കെതിരെ വിമർശനവുമായി ശിവസേന ഉദ്ധവ് വിഭാഗം എംപി സഞ്ജയ് റാവത്ത്. വിമതരെ ചതിയന്മാര് എന്ന് വിശേഷിപ്പിച്ച റാവത്ത്, ഇത്തരക്കാരെ തെരുവിൽ ചെരിപ്പൂരി അടിക്കണമെന്നും ആവശ്യപ്പെട്ടു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. വിമത ക്യാമ്പിനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്ന മുതിർന്ന ടിഎംസി നേതാവും ലോക്സഭാ എംപിയുമായ കീർത്തി ആസാദിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു റാവത്തിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ പാർട്ടിയിൽ അതൃപ്തി പരസ്യമാക്കിയ വിമത നേതാക്കളുടെ നിലപാടിനെതിരെ കീർത്തി ആസാദും രംഗത്ത് എത്തിയിരുന്നു. ഇവരെല്ലാം വഞ്ചകരാണെന്നും തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഇത്തരം കളികളുമായി രംഗത്തെത്തിയതിന് പിന്നിൽ വ്യക്തമായ അജണ്ടകളുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
അതേസമയം ടിഎംസിയിലെ ആഭ്യന്തര ഭിന്നത വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ വടംവലികൾക്ക് വഴിമാറുമെന്നാണ് സൂചന.കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലുള്ള 20 ഓളം വരുന്ന ലോക്സഭാ എം.പിമാരുടെ സംഘം തൃണമൂൽ പാർലമെന്ററി പാർട്ടിയിൽ നിന്ന് അകന്ന് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ (NDA) സഖ്യവുമായി സഹകരിക്കാൻ തീരുമാനിച്ചതായി ലോക്സഭാ സ്പീക്കർ ഓം ബിർളയെ അറിയിച്ചിട്ടുണ്ട്.
