തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്ക് ശാസനയുമായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍. ആക്രമണമുണ്ടായപ്പോള്‍ അവിടെയുണ്ടായിരുന്ന പൊലീസുകാര്‍ തടഞ്ഞില്ലെന്ന് കമ്മീഷണര്‍ കുറ്റപ്പെടുത്തി.
വാഹനങ്ങള്‍ക്ക് നേരെ മുട്ടയേറുണ്ടായപ്പോഴും തടഞ്ഞില്ല. എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് നടത്തിയില്ലെന്നും കമ്മീഷണര്‍ ചോദിച്ചു. ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പൊലീസുകാരെ കമ്മീഷണര്‍ ശാസിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു കമ്മീഷണര്‍ വിമര്‍ശനം ഉന്നയിച്ചത്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം ലഭിച്ചില്ലെന്നയിരുന്നു പൊലീസുകാരുടെ മറുപടി. ആക്രമണം തടയുന്നതിൽ പൊലീസുകാർക്ക് വീഴ്ച സംഭവിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇതിനിടെയാണ് ആ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ ഉന്നത ഉദ്യോഗസ്ഥൻ ശാസിച്ചിരിക്കുന്നത്.
അതിനിടെ കേസിലെ അന്വേഷണ ചുമതലകളില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മ്യൂസിയം എസ്എച്ച്ഒ ആര്‍ പ്രശാന്ത് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി. തുടരന്വേഷണ ചുമതല മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കണമെന്നാണ് ആവശ്യം. തനിക്കെതിരെ നടന്നുവരുന്നത് കേരള പൊലീസിന്റെ സല്‍പേരിന് കളങ്കം ചാര്‍ത്തുന്ന വ്യാജ പ്രചരണങ്ങളാണെന്ന് എസ്എച്ച്ഒ പറഞ്ഞു.
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസുകളില്‍ നടത്തിയത് സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണമാണ്. അന്വേഷണത്തില്‍ ഒരുതരത്തിലുള്ള പാളിച്ചയും വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല. മ്യൂസിയം എസ്എച്ച്ഒ സ്ഥാനത്തുനിന്ന് മാറ്റണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു. മാതാപിതാക്കളുടെ ആരോഗ്യ അവസ്ഥ ചൂണ്ടിക്കാണിച്ചാണ് കമ്മീഷണറോട് എസ്എച്ച്ഒ സ്ഥലംമാറ്റം ആവശ്യപ്പെട്ടത്. അതേസമയം തല്‍ക്കാലം ചുമതലകളില്‍ തുടരാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.
