മീനാക്ഷി നടരാജന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയ നടപടി; തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയ സംഭവത്തില്‍ കടുപ്പിക്കാന്‍ കോണ്‍ഗ്രസ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ കാണാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണും. സംഭവത്തില്‍ നിയമപോരാട്ടം നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

ചൊവ്വാഴ്ചയായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസ് വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന ബിജെപി സ്ഥാനാര്‍ത്ഥി മഹേഷ് കേവതിന്റെ പരാതിയെ തുടര്‍ന്നായിരുന്നു മീനാക്ഷി നടരാജന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയത്. തെലങ്കാന കോടതിയില്‍ മീനാക്ഷിയുടെ പേരില്‍ ക്രിമിനല്‍ കേസുണ്ടെന്നും സത്യവാങ്മൂലത്തില്‍ ഇത് ബോധപൂര്‍വ്വം മറച്ചുവെച്ചതാണെന്നും കേവത് ആരോപിച്ചിരുന്നു. എന്നാൽ മീനാക്ഷിയുടെ പേരിൽ കേസുകളില്ലെന്നും കാരണം കാണിക്കൽ നോട്ടീസ് മാത്രമാണ് ലഭിച്ചതെന്നുമായിരുന്നു കോൺഗ്രസിലെ മധ്യപ്രദേശിൻ്റെ ചുമതല വഹിക്കുന്ന ഹരീഷ് ചൗധരി പറഞ്ഞത്.

നാമനിര്‍ദ്ദേശ പത്രിക തള്ളിയതിന് പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ പരാതിയുമായി എത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് ഉള്‍പ്പെടെയുള്ള സംഘത്തെ ഗേറ്റില്‍ തടഞ്ഞിരുന്നു. പിന്നാലെ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാള്‍, സച്ചിന്‍ പൈലറ്റ് അടക്കമുള്ളവര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *