തിരുവനന്തപുരം: ചരിത്ര രേഖകളും സാംസ്കാരിക പൈതൃകങ്ങളും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇതിന് സർക്കാർ പിൻതുണ നൽകുമെന്നും പുരാരേഖ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് പറഞ്ഞു. കേരള സംസ്ഥാന പുരാരേഖ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ആർക്കൈവ്സ് വാരാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ലിപികൾ, താളിയോലകൾ, ശിലായുഗ ലിഖിതങ്ങൾ, ശാസനങ്ങൾ മുതൽ ഡിജിറ്റൽ രേഖകളുടെ കാലഘട്ടം വരെ മനുഷ്യ സംസ്കാരത്തിന്റെ പരിണാമ ചരിത്രം വ്യക്തമാക്കുന്ന രേഖകളെ വരും തലമുറക്കായി സംരക്ഷിക്കേണ്ടതാണ്. പഴയ തലമുറകളുടെ ജീവിതശൈലിയും സാമൂഹിക സാഹചര്യങ്ങളും വെളിപ്പെടുത്തുന്ന പ്രാചീന രേഖകൾ മനുഷ്യവംശത്തിന്റെ പരിണാമത്തിന്റെ നേർസാക്ഷ്യങ്ങളാണ്. ആശയവിനിമയത്തിന്റെ വളർച്ചയും സാംസ്കാരിക-ചരിത്ര പാരമ്പര്യവും പുരാരേഖകൾ വഴി തലമുറകളിലേക്ക് കൈമാറപ്പെടണം, ഡിജിറ്റൽ യുഗത്തിൽ രേഖസംരക്ഷണത്തിന് കൂടുതൽ പ്രാധാന്യമുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
ചരിത്ര രേഖകളുടെ സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി ഒ ജെ ജനീഷ്
