കൊച്ചി: സംസ്ഥാന റാഗിങ് നിരോധന നിയമം ഭേദഗതി ചെയ്യാനുള്ള നടപടികൾ വൈകിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളുടെ പുരോഗതി മൂന്നാഴ്ചയ്ക്കകം അറിയിക്കാൻ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദേശം നൽകി.
റാഗിങ്ങിന് കർശന ശിക്ഷാവ്യവസ്ഥകൾ ഉൾപ്പെടുത്തി കരട് നിയമഭേദഗതി കഴിഞ്ഞ സർക്കാർ തയ്യാറാക്കിയിരുന്നു. ഇത് ഉടൻ മന്ത്രിസഭയുടെ പരിഗണനയ്ക്കുവിടുമെന്നും അറിയിച്ചു. ഭരണം മാറിയ സാഹചര്യത്തിൽ വിശദാംശങ്ങൾ അറിയിക്കാൻ സർക്കാർ അഭിഭാഷക സമയംതേടി. വിഷയം ജൂലായ് ഒന്നിന് പരിഗണിക്കും. റാഗിങ് തടയാൻ കർശനനിയമനിർമാണം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
