കൊൽക്കത്ത: പശ്ചിമബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ രാജ്യസഭാ എംപിമാരുടെ രാജി തുടരുന്നു. പ്രകാശ് ചിക് ബരൈക്ക് ആണ് രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചത്. ഇതോടെ രാജിവെച്ച തൃണമൂൽ രാജ്യസഭാ എംപിമാരുടെ എണ്ണം മൂന്നായി. നേരത്തെ, സുഖേന്ദു ശേഖർ റോയ്, സുഷ്മിത ദേവ് എന്നിവർ രാജി വെച്ചിരുന്നു. തൃണമൂൽ കോൺഗ്രസ് എംപിയായിരുന്ന സുഷ്മിത ദേവിൻ്റെ രാജിക്ക് പിന്നാലെ ആണ് പ്രകാശ് ചിക് ബരൈക്കും സ്ഥാനമൊഴിഞ്ഞത്.
സുഷ്മിത ദേവ് തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവെക്കുകയും ചെയ്തു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു സുഷ്മിതയുടെ രാജി. ഇവർ ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങളും ഇപ്പോൾ ശക്തമാണ്.
പശ്ചിമ ബംഗാളിൽ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് മമത ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസ് പ്രതിസന്ധിയിലായത്. പാർട്ടിയുടെ ബംഗാളിലെ 80 എംഎൽഎമാരിൽ 60 പേർ വിമത ക്യാമ്പിനൊപ്പമാണ്. പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് തൃണമൂൽ പുറത്താക്കിയ ഋതബ്രത ബാനർജി ആണ് വിമത ക്യാമ്പിന് നേതൃത്വം നൽകുന്നത്. ഋതബ്രത ബാനർജിയെ സംസ്ഥാന പ്രതിപക്ഷ നേതാവായി ഗവർണർ അംഗീകരിച്ചത് തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയായിരുന്നു.
