പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്

ഡൽഹി: മധ്യപ്രദേശിൽ കോൺഗ്രസിന്റെ കടുത്ത എതിർപ്പ് തള്ളി മൂന്ന് ബിജെപി സ്ഥാനാർത്ഥികളെയും രാജ്യസഭയിലേക്ക് വിജയികളായി പ്രഖ്യാപിച്ചതിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. ഇതിനെതിരെ സംസ്ഥാനത്തെ എംഎൽഎമാരെ ഇന്ന് ദില്ലിയിൽ എത്തിച്ച് ശക്തമായി പ്രതിഷേധിക്കാനാണ് തീരുമാനം. ഇതിനിടെ പത്രിക തള്ളിയതിനെതിരായ മീനാക്ഷി നടരാജന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിലവിലെ ഹർജി നിലനിൽക്കാത്തതിനാൽ തെരഞ്ഞെടുപ്പ് ഹർജിയായി സമർപ്പിക്കാൻ കോൺഗ്രസ് നടപടികൾ തുടങ്ങി. മൂന്ന് സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികൾ മത്സരമില്ലാതെ ജയിച്ചതായി ഒടുവിൽ പ്രഖ്യാപനം. ബിജെപി നേതാക്കളായ തരുൺ ചുഗ് ,രജനീഷ് അഗർവാൾ മഹേഷ് കേവാട്ട് എന്നിവരാണ് ഏതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ നിയമസഭാകക്ഷി നിലയിൽ ഒരാളെ രാജ്യസഭയിലേക്ക് എത്തിക്കാനുള്ള അംഗസഖ്യം കോൺഗ്രസിനുണ്ടായിരുന്നു. ഈ സീറ്റിലേക്കാണ് മീനാക്ഷി നടരാജൻ മത്സരിച്ചത്. ബിജെപിയും ഈ സീറ്റിലേക്ക് മഹേഷ് കേവാട്ടിനെ മത്സരിപ്പിച്ചു. പത്രിക തള്ളിയതോടെ കേവാട്ട് തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *