സംസ്ഥാനത്ത് ഇറച്ചിക്ഷാമം; കേരളത്തിലേക്ക് മാടുകളെത്തുന്നില്ല

കോട്ടയം: കേരളത്തിലേക്ക് ഇതരസംസ്ഥാനങ്ങളിൽനിന്ന് മാടുകളെത്തുന്നില്ല. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ വില വർധിച്ചതും മാടുകളുമായെത്തുന്ന ലോറികൾ പിടിച്ചെടുക്കുന്നതുമാണ് വരവ് ഇല്ലാതാക്കിയത്. ഗോ സംരക്ഷണ സേനയെന്ന പേരിലാണ് വാഹനങ്ങൾ പിടിച്ചെടുക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. പ്രതിമാസം ഒന്നരലക്ഷത്തിലേറെ മാടുകളെത്തിയിരുന്നത് കാൽലക്ഷമായി കുറഞ്ഞെന്നാണ് വ്യാപാരികൾ പറയുന്നത്.

ലഭ്യത കുറഞ്ഞതോടെ പലയിടങ്ങളിലും മാട്ടിറച്ചിവില കിലോയ്ക്ക് 500 രൂപയിലെത്തി. കോട്ടയം, ഇടുക്കി ജില്ലകളിൽ വെള്ളിയാഴ്ച മുതൽ ഒൻപതു ദിവസം ഇറച്ചിക്കടകൾ അടച്ചിടുമെന്നും വ്യാപാരികൾ അറിയിച്ചു. ദിവസങ്ങളായി പല കടകളും അടച്ചിട്ടിരിക്കുകയുമാണ്.

കന്നുകാലികളെ കൊണ്ടുപോകുന്നതിനുള്ള ആരോഗ്യ സർട്ടിഫിക്കറ്റുകൾ നൽകുന്നത് ഓൺലൈനാക്കിയിരുന്നു. ചില സംസ്ഥാനങ്ങൾ ഇത് നൽകുന്നത് നിർത്തിയതും പ്രതിസന്ധി രൂക്ഷമാക്കി. പ്രധാന കാലിച്ചന്തകളെ ആശ്രയിച്ചുകഴിയുന്ന തൊഴിലാളികളെയും ഈ പ്രതിസന്ധി ബാധിച്ചു.ലോറികൾക്കുനേരെ ആക്രമണവും മർദ്ദനവും ആന്ധ്ര സർക്കാരാണ് അരോഗ്യ സർട്ടിഫിക്കറ്റ് കൊടുക്കേണ്ടെന്ന് തീരുമാനിച്ചത്. സർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണംകാട്ടിയാണ് ഗോരക്ഷാസേനയുടെ പേരിൽ, മാടുകളുമായെത്തുന്ന ലോറികൾ പിടിച്ചെടുക്കുന്നത്. മേയിൽ 20 ലോറികൾ ഇത്തരത്തിൽ പിടിച്ചെടുത്തെന്ന് വ്യാപാരികൾ പറയുന്നു.

തൊഴിലാളികൾക്ക് മർദ്ദനവും ഏൽക്കേണ്ടിവരുന്നു. പിടിച്ചെടുക്കുന്ന മാടുകളെ ഗോശാലയിലേയ്ക്കെന്ന് പറഞ്ഞാണ് കൊണ്ടുപോകുന്നത്. അവിെടയെത്തിക്കുന്ന മാടുകളെ മറിച്ചുവിൽക്കുന്നതായും ഇറച്ചി കയറ്റി അയയ്ക്കുന്നതായും ആരോപണമുണ്ട്.

അതേസമയം, മൃഗസംരക്ഷണ വകുപ്പിന്റെ നിയമപ്രകാരം, കന്നുകാലികളെ കൊണ്ടുപോകുന്ന വാഹനങ്ങളിൽ ഓരോ മൃഗത്തിന്റെയും ആരോഗ്യ സർട്ടിഫിക്കറ്റ് വേണം. അല്ലെങ്കിൽ വാഹനങ്ങൾ ചെക്ക് പോസ്റ്റുകളിൽ പിടികൂടാം. ഒരു ലോറിയിൽ ആറ് വലിയമൃഗങ്ങൾ അല്ലെങ്കിൽ 12 കിടാക്കളിൽ കൂടുതൽ കുത്തിനിറച്ച് കൊണ്ടുവന്നാൽ വാഹനം പോലീസ് പിടിച്ചെടുക്കും. മൃഗങ്ങൾക്ക് കൃത്യസമയത്ത് തീറ്റയും വെള്ളവും നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇത് ലംഘിക്കുന്ന വാഹനങ്ങളും പിടിച്ചെടുക്കാം.

ഇത്തരം ചട്ടങ്ങളൊന്നും കൃത്യമായി പാലിച്ചല്ല പലരും കാലികളെ എത്തിക്കുന്നത്. പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ലോറികളിൽ മാത്രമേ കന്നുകാലികളെ കൊണ്ടുപോകാൻ അനുവദിക്കൂ. സുരക്ഷിതമല്ലാത്ത ഗതാഗതം, അമിതഭാരം തുടങ്ങിയ കാരണങ്ങളാലും ആർ.ടി.ഒ. പരിശോധനകളിൽ ലോറികൾ പിടിച്ചെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *