തിരുവനന്തപുരം: 22-ാമത് പി കേശവദേവ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സമൂഹത്തില്‍ ഫലവത്തായ ആരോഗ്യ വിദ്യാഭ്യാസം പകര്ന്നുനല്കുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായുള്ള 2026-ലെ പി. കേശവദേവ് ഡയാബസ്ക്രീന്‍ കേരള പുരസ്കാരം പ്രശസ്ത ഡോ. തങ്കം സുബ്രഹ്മണ്യന് സമര്‍പ്പിക്കും. സാഹിത്യത്തിനുള്ള പുരസ്കാരം പ്രസിദ്ധ നോവലിസ്റ്റും കഥാകാരനും പത്രപ്രവര്‍ത്തകനുമായ സുഭാഷ് ചന്ദ്രന് ലഭിക്കും. .
മലയാള സാഹിത്യത്തിന്റെ ആധുനികോത്തരപരിണതിയെ ശക്തവും ഹൃദ്യവുമായി അടയാളപ്പെടുത്തുന്ന സുഭാഷ് ചന്ദ്രന്റെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നത്.
അപരിചിതയായ രോഗിക്ക് സ്വന്തം വൃക്ക ദാനം ചെയ്ത നിസ്വാര്‍ത്ഥ സേവനത്തെ മുന്‍നിര്‍ത്തിയാണ് ഈ വര്‍ഷത്തെ പി. കേശവദേവ് ഡയാബ്സ്ക്രീന്‍ കേരള പുരസ്കാരം പ്രശസ്ത ഡോ. തങ്കം സുബ്രഹ്മണ്യന് നല്‍കുന്നത്. ആരോഗ്യമുള്ള അവസ്ഥയിലും ജീവനോടെയിരിക്കുമ്പോള്‍ തന്നെ സുരക്ഷിതമായി അവയവദാനം നടത്താമെന്ന ആരോഗ്യ വിദ്യാഭ്യാസ സന്ദേശമാണ് അവര്‍ സമൂഹത്തിന് നല്‍കിയത്.
അന്‍പതിനായിരം രൂപയും ആര്‍ട്ടിസ്റ്റ് ബി ഡി ദത്തന് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പി. കേശവദേവ് ഡയാബ്സ്ക്രീന്‍ കേരള പുരസ്കാരം. ജൂണ്‍ 17-ാം തീയതി വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ഹില്‍ട്ടണ്‍ ഗാര്ഡന് ഇന്‍ ഹാളില്‍ നടക്കുന്ന പി.കേശവദേവ് പുരസ്കാര സമ്മേളനത്തില്‍ വച്ച് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി വി .ഡി സതീശന് പുരസ്കാരങ്ങള്‍ സമ്മാനിക്കും. പി.കേശവദേവ് ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ സീതാലക്ഷ്മി ദേവ്, പി.കേശവദേവ് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ഡോ. ജ്യോതിദേവ് കേശവദേവ്, സാഹിത്യ പുരസ്കാരമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഈ വിവരം.
