KSRTC പ്രിയദർശനി; യാത്ര സൗജന്യമാണ് പക്ഷേ ടിക്കറ്റെടുക്കണം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. പ്രിയദർശിനി പദ്ധതി ഓർഡിനറി ബസുകളുടെ യാത്ര തിങ്കളാഴ്ച ആരംഭിക്കും. ഏഴ് വിഭാഗം ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യമായി യാത്രചെയ്യാവുന്നതാണ് പദ്ധതി. യു.ഡി.എഫ്. മുന്നോട്ടുവെച്ച ‘ഇന്ദിരാ ഗാരന്റി’യുടെ ഭാഗമായി സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്നതാണ് പദ്ധതി.

ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യയാത്ര. ബസിൽ കയറിയാൽ പഴയതുപോലെ തന്നെ ടിക്കറ്റ് എടുക്കണം. പണം നൽകേണ്ടതില്ലെന്നേയുള്ളൂ. ടിക്കറ്റ് ഇല്ലാതെയുള്ള യാത്ര കുറ്റകരമാണ്. ടിക്കറ്റ് എടുത്തില്ലെങ്കിൽ 500 രൂപ പിഴ നൽകേണ്ടി വരും. ഒപ്പം അഞ്ച് വയസ്സിനും 11-നും വയസ്സിനും ഇടയിൽ പ്രായമുള്ള ആൺകുട്ടിക്ക് നിർബന്ധമായും പകുതി ടിക്കറ്റെടുക്കണം. പ്രായം 12 ആയിട്ടുണ്ടെങ്കിൽ ഫുൾ ടിക്കറ്റിനുള്ള പണം നൽകി ടിക്കറ്റ് എടുക്കണം. പെൺകുട്ടികൾക്ക് യാത്ര സൗജന്യമാണ്. എന്നാൽ ആൺകുട്ടികൾക്ക് യാത്രാസൗജന്യം ഇല്ല. സ്ത്രീകൾക്ക് ടിക്കറ്റ് ചാർജ് നൽകേണ്ടതില്ലെന്നേയുള്ളൂ. മറ്റ് യാത്രക്കാർക്കുള്ള എല്ല നിയമങ്ങളും നിങ്ങൾക്കും ബാധകമാണ്. സ്റ്റോപ്പ്, സംവരണ സീറ്റ്, മറ്റ് ട്രാഫിക്ക് നിയമങ്ങൾ എന്നിവ എല്ലാവർക്കും ഒരുപോലെതന്നെ ആണ്.

തിങ്കളാഴ്ച രാവിലെ 8.30-ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം നിർവഹിക്കുന്നതിനുപിന്നാലെ സംസ്ഥാനത്തെ എല്ലാ ഓർഡിനറി ബസുകളിലും പ്രിയദർശിനി പദ്ധതി സൗജന്യയാത്ര ലഭ്യമാകും. ഉദ്ഘാടന സർവീസിൽ ബസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ആ ബസിൽ യാത്ര ചെയ്യും. കെ.എസ്.ആർ.ടി.സിയുടെ 3125 ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *