നിപ: രോഗിയുടെ നിലയിൽ മാറ്റമില്ല, മെഡിക്കൽ ബോർഡ് യോഗം ഉടൻ ചേരും

കോഴിക്കോട്: നിപ സ്ഥിരീകരിച്ച 43-കാരന്റെ നിലയിൽ മാറ്റമില്ല. ഫാറൂഖ് കോളേജ് സ്വദേശിയായ ഇദ്ദേഹം ഇപ്പോഴും മെഡിക്കൽ കോളേജിൽ ഐ.സി.യു.വിൽ വെൻറിലേറ്ററിൽ തുടരുകയാണ്. പ്രോട്ടക്കോൾ പ്രകാരമുള്ള എല്ലാ മരുന്നുകളും നൽകുന്നുണ്ട്. 48 മണിക്കൂർ കഴിഞ്ഞ് മെഡിക്കൽബോർഡ് രോഗിയുടെ സ്ഥിതി വിലയിരുത്തി രണ്ടാമത്തെ ഡോസ് മോണോക്ളോണൽ ആന്റിബോഡി നൽകും.

സമ്പർക്കപ്പട്ടികയിലുള്ള നാലുപേരെക്കൂടി ശനിയാഴ്ച നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങളോടെ ഇപ്പോൾ ഏഴുപേരാണ് മെഡിക്കൽകോളേജിൽ നിരീക്ഷണത്തിലുള്ളത്. സമ്പർക്കപ്പട്ടികയിലുള്ള മൂന്നുപേരുടെ പരിശോധനാഫലം ശനിയാഴ്ച നെഗറ്റീവായി. നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നവരാണിവർ.

രോഗിയുമായി ഏറ്റവും അടുത്ത സമ്പർക്കമുണ്ടായിരുന്ന ഭാര്യ, മകൻ, സഹോദരി എന്നിവരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. രോഗിയുമായി സമ്പർക്കമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ ചെറിയ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ലക്ഷണങ്ങളില്ലെങ്കിലും ഇവരുടെയും ഒരു ലാബ് ടെക്‌നീഷ്യന്റെയും സാംപിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. രോഗിയുള്ളപ്പോൾ റെഡ് ക്രസന്റ് ആശുപത്രിയിൽ സന്ദർശനം നടത്തിയ ഒൻപതുവയസ്സുകാരനെ ചെറിയ പനിയും ചുമയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പുതുതായി 13 പേരെക്കൂടി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇവരെല്ലാവരും കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽപ്പെട്ടവരാണ്. ഇതോടെ വളരെ ഉയർന്ന റിസ്‌ക് വിഭാഗത്തിൽ നാലുപേരും ഉയർന്ന റിസ്‌ക് വിഭാഗത്തിൽ 14 പേരും കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽ 82 പേരും ഉൾപ്പെടെ നിലവിൽ 100 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *