അരൂർ: കോടംതുരുത്ത് വിവി എച്ച്എസ്എസ് സ്കൂളിലെ പോളിങ് സ്റ്റേഷനിലേക്കുള്ള വഴിയിൽ ലോറികൾ നിർത്തിയിട്ടത് കാരണം വോട്ടർമാർ വോട്ട് ചെയ്യാതെ മടങ്ങി. 111,112 എന്നീ ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്താനെത്തിയ വോട്ടർമാരാണ് ഇത് കാരണം ദുരിതത്തിലായത്. മണിക്കൂറുകളോളം വഴി അടഞ്ഞു തന്നെ കിടക്കുകയായിരുന്നു. വോട്ടിങ് ബൂത്തിന്റെ തെക്കുവശത്തുള്ള ഗേറ്റ് തുറന്നാൽ വോട്ടർമാർക്ക് പ്രവേശനം എളുപ്പമാകുമെന്ന് പാർട്ടി പ്രവർത്തകർ അറിയിച്ചെങ്കിലും ക്ലസ്റ്റർ ഓഫീസർ ഇതിനു തയ്യാറായില്ല. ഒരു പോളിംഗ് സ്റ്റേഷനിൽ ഒരു ഗേറ്റ് മാത്രമേ അനുവദിക്കാവൂ എന്ന് പറഞ്ഞതോടെ തർക്കം രൂക്ഷമായി. ഇതിനിടയിൽ പ്രശ്നത്തിന് പരിഹാരം കാണാതെ ഓഫീസർമാർ സ്ഥലത്തുനിന്നും മാറുകയും ചെയ്തു.
രണ്ടുദിവസമായി സ്കൂളിന് മുന്നിൽ അനധികൃതമായി ലോറികൾ നിർത്തിയിട്ടിരിക്കുകയായിരുന്നു. നാട്ടുകാർ മുൻപേ പോലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. പ്രശ്നം പരിഹരിക്കാൻ പോലീസ് എത്തുവാനും അരമണിക്കൂർ വൈകി. പിന്നീട് ‘പരിവാഹൻ’ പോർട്ടൽ വഴി ലോറി ഡ്രൈവറുടെ നമ്പർ കണ്ടെത്തി ലോറി മാറ്റാൻ രണ്ടുമണിക്കൂർ വേണ്ടിവന്നു.സംഭവത്തിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തിരഞ്ഞെടുപ്പ് വിഭാഗത്തിനും ക്ലസ്റ്റർ ഓഫീസർക്കും പരാതി നൽകി.
