ഗൾഫ് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷപശ്ചാത്തലത്തിൽ ഗൾഫിൽനിന്ന് കേരളത്തിലേക്കടക്കമുള്ള വിമാനങ്ങൾ റദ്ദാക്കുന്നത് മലയാളികളായ പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നു. വിസിറ്റിങ് വിസയിൽ കുടുംബത്തെ ഗൾഫിലേക്ക് കൊണ്ടുപോയവരിൽ പലരും സാമ്പത്തികപ്രതിസന്ധി നേരിടുന്നതായി പ്രവാസികൾ പറഞ്ഞു.

വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞാൽ യു.എ.ഇ.യിൽ ആദ്യദിന പിഴ 250 ദിർഹമാണ്. പിന്നീടുള്ള ഓരോദിവസത്തിനും 50 ദിർഹവും അടയ്ക്കണം. എക്സിറ്റ് ഫീ 69 ദിർഹം വേറെയും. ‘‘വിസിറ്റിങ് വിസയിൽ ഭാര്യയെയും രണ്ടു കുട്ടികളെയും കൊണ്ടുവന്നതാണ്. ഒരുദിവസം അധികം തങ്ങേണ്ടിവന്നതിന് ചെലവായത് 28,000 രൂപയിലധികമാണ്. അതിനുശേഷമാണ് ഡൽഹിയിലേക്ക് ടിക്കറ്റ് ലഭിച്ചത്. കണ്ണൂരിലേക്ക് വിമാനടിക്കറ്റിന് വൻതുകയായതിനാൽ മൂന്നുദിവസം ഡൽഹിയിലെ ഹോട്ടലിൽ തങ്ങി ട്രെയിനിലാണ് നാട്ടിലേക്ക് മടങ്ങിയതെന്ന് കണ്ണൂർ സ്വദേശി സാബിർ പറഞ്ഞു.

പശ്ചിമേഷ്യാസംഘർഷം തുടങ്ങിയശേഷം ഇന്ത്യൻ വിമാനക്കമ്പനികൾ ഇതുവരെ പതിനായിരത്തോളം വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതിൽ പകുതിയും ഗൾഫ് മേഖലയിൽനിന്നാണ്. യുദ്ധത്തിനുമുൻപ്‌ ദിനംപ്രതിയുണ്ടായിരുന്ന 300-350 സർവീസിപ്പോൾ 80-90 ആയി കുറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *