കോളിളക്കം സൃഷ്ടിച്ച ഫണ്ട് ധൂർത്ത് കേസ്; മുൻ ഉപപ്രധാനമന്ത്രിയായ ശൈഖ് തലാൽ അൽ ഖാലിദിന് മൂന്ന് വർഷം കഠിനതടവ്

കുവൈത്ത് : കുവൈത്തിൽ വൻ രാഷ്ട്രീയ- ചലനങ്ങൾ സൃഷ്ടിച്ച ‘മന്ത്രാലയ ഫണ്ട് ധൂർത്ത്’ കേസുകളിൽ മുൻ ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായിരുന്ന ശൈഖ് തലാൽ അൽ ഖാലിദിന് മൂന്ന് വർഷം കഠിനതടവ്. കുവൈത്തിലെ പരമോന്നത നീതിന്യായ പീഠമായ കോർട്ട് ഓഫ് കസ്സേഷൻ ആണ് ശൈഖ് തലാൽ അൽ ഖാലിദിന്റെ അപ്പീൽ തള്ളി ശിക്ഷ വിധിച്ച് കേസിന്മേൽ അന്തിമ തീർപ്പുണ്ടാക്കിയത്. തടവുശിക്ഷയ്ക്ക് പുറമെ 3,000 കുവൈത്ത് ദിനാർ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് അൽ-സെയാസ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളുടെ ബജറ്റിൽ നിന്ന് വൻതുക വകമാറ്റി ചിലവഴിച്ചതുമായി ബന്ധപ്പെട്ട രണ്ട് സാമ്പത്തിക കേസുകളിലാണ് ഈ നിർണ്ണായക വിധി. നേരത്തെ പ്രത്യേക മന്ത്രിതല കോടതി (മിനിസ്റ്റേഴ്സ് കോർട്ട്) ഇദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തുകയും, ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി രണ്ട് കേസുകളിലായി 14 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. കൂടാതെ ധൂർത്തടിച്ച 10 ദശലക്ഷം കുവൈത്ത് ദിനാർ തിരിച്ചടയ്ക്കാനും 20 ദശലക്ഷം കുവൈത്ത് ദിനാർ അധിക പിഴയൊടുക്കാനും മന്ത്രിതല കോടതി ഉത്തരവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *