‘വീട്ടില്‍ പോയി ചോദിക്ക്’ പരാമര്‍ശം തിരിച്ചടിയായി; പിണറായി വിജയനെതിരെ വിമര്‍ശനം

പത്തനംതിട്ട: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. വീട്ടില്‍ പോയി ചോദിക്ക് പരാമര്‍ശം തിരിച്ചടിയായെന്നും ഇത് ശരിയായ ശൈലിയല്ലെന്നും തിരുവല്ലയില്‍ നിന്നുള്ള പ്രതിനിധി കുറ്റപ്പെടുത്തി. പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിലാണ് പിണറായി വിജയനെതിരെ വിമര്‍ശനം ഉയര്‍ന്നത്. പിണറായിയെ വിമര്‍ശിച്ചതുകൊണ്ട് ഡിവൈഎഫ്‌ഐയില്‍ നിന്ന് തന്നോട് കടക്ക് പുറത്തെന്ന് പറയരുതെന്നും പ്രതിനിധി സമ്മേളനത്തില്‍ പറയുകയുണ്ടായി. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വിവിധ ജില്ലകളിലെ സമ്മേളനങ്ങളിൽ പിണറായിക്കെതിരെ രൂക്ഷ വിമ‍‍ർശനമാണ് ഉയരുന്നത്.

തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ പ്രതികരണവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി എം. എ ബേബിയും മുന്‍ മന്ത്രി പി .രാജീവും അടക്കം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ടെന്ന പരാമര്‍ശം ശരിയായില്ലെന്ന് പറഞ്ഞ പി രാജീവ്, ജനങ്ങള്‍ക്കിടയില്‍ ഇത് മറ്റൊരു ബോധം സൃഷ്ടിച്ചെന്നും കുറ്റപ്പെടുത്തി. വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിഷയത്തില്‍ തെറ്റുപറ്റിയെന്നും ശക്തമായ നടപടി സ്വീകരിച്ചില്ലെന്നും ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടപടി എടുക്കണമായിരുന്നുവെന്നും പി. രാജീവ് പറഞ്ഞിരുന്നു. ബന്ധുവായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നത് പാര്‍ട്ടിയെ കടന്നാക്രമിക്കാന്‍ അവസരം നല്‍കുമെങ്കില്‍ അത് ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് എം വി ഗോവിന്ദന്റെ പേരെടുത്ത് പറയാതെ എം.എ ബേബി വിമർശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *