തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ കടുത്ത വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലീഗ് വര്‍ഗീയമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും ലീഗിന്റെ ജനപ്രതിനിധികളും പേഴ്‌സണല്‍ സ്റ്റാഫും അവര്‍ ഭരിക്കുന്ന വകുപ്പുകളിലെ പ്രധാന തസ്തികകളിലിരിക്കുന്നവരും അതിന്റെ തെളിവാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ‘മുസ്ലിം ലീഗ് മന്ത്രിയായ കെ. എം ഷാജിയുടെ മതമാണ് അവരുടെ പ്രശ്‌നമെന്ന പ്രസംഗം ഞങ്ങളാരും മറന്നിട്ടില്ല. മറക്കുകയുമില്ല. ലീഗിനെ രാഷ്ട്രീയമായി എതിര്‍ക്കുന്നവര്‍ക്ക് പോലും ഇതൊക്കെ തുറന്നുകാട്ടാന്‍ ഭയമാണ്. ആ ഭയം എനിക്കില്ല. അതുകൊണ്ട് വര്‍ഗീയവാദിയാക്കുമെങ്കില്‍ ആയിക്കോട്ടെ’, എന്നും വെള്ളാപ്പള്ളി നടേശൻ തുറന്നടിച്ചു.
തന്നെ ചിലര്‍ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. കേരളത്തിലെ ചില സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുപറഞ്ഞതാണ് താന്‍ ചെയ്ത തെറ്റെങ്കില്‍ ആ തെറ്റ് പൂര്‍വ്വാധികം ശക്തിയായി തുടരാന്‍ തന്നെയാണ് തീരുമാനം. ഉമ്മാക്കികള്‍ക്ക് മുന്നില്‍ ഭയന്നോടുന്നവരല്ല താനും തന്‍റെ സംഘടനയും. ഹിന്ദുക്കളെ സാമ്പത്തികമായും രാഷ്ട്രീയമായും ഒതുക്കാന്‍ ശ്രമം നടക്കുന്നു. അതിന് പിന്നില്‍ ഒളിഞ്ഞും തെളിഞ്ഞും മുസ്ലിം ലീഗുണ്ട്. മതേതര കുപ്പായമിട്ട ലക്ഷണമൊത്ത വര്‍ഗീയ സംഘടനയാണ് ലീഗ് എന്നും വെള്ളാപ്പള്ളി നടേശന്‍ ആവര്‍ത്തിച്ചു.
കേരളത്തിലെ പിന്നാക്ക സമുദായങ്ങളുടെ വേദനകളും ആശങ്കകളും തന്നെപ്പോലെ തൊട്ടറിഞ്ഞ ഒരാളുണ്ടോയെന്ന് സംശയമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മൂന്ന് പതിറ്റാണ്ടുകളായി തന്റെ മുന്നിലെത്തുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ചില നിലപാടുകള്‍ സ്വീകരിക്കേണ്ടിവരുന്നത്. അത് ആരെ വിഷമിപ്പിച്ചാലും വേദനിപ്പിച്ചാലും കുഴപ്പമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.
