മാലകൊണ്ട: സെൽഫിയെടുക്കുന്നതിനിടെ കാൽ വഴുതി വെള്ളച്ചാട്ടത്തിൽ വീണ് മൂന്ന് പെൺകുട്ടികൾ മരിച്ചു. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലുള്ള മൂലഗമ്മി വെള്ളച്ചാട്ടത്തിലാണ് അപകടംഉണ്ടായത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഹുകുംപേട്ടയ്ക്ക് അടുത്ത് ജംബുവലസ ഗ്രാമത്തിൽ നിന്നുള്ള ത്രിഷ (17), രത്നകുമാരി (16), പവിത്ര (16) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി.
നാല് പേരും വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയതായിരുന്നു. വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്ത് വഴുക്കുള്ള പാറയിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ഒരാൾ വഴുതി വീണു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ട് പേരും വെള്ളച്ചാട്ടത്തിൽ നിന്ന് താഴേക്ക് വീണുവെന്നാണ് പ്രാഥമിക വിവരം. നിലവിളി കേട്ട് ഓടിയെത്തിയവരാണ് ഇവരിൽ ഒരാളെ രക്ഷിച്ചത്. വെള്ളത്തിൽ ഒഴുകിപ്പോയ മറ്റ് മൂന്ന് പേരുടെ മൃതദേഹങ്ങൾ പിന്നീട് കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
