അണ്ണാമലൈയുടെ പുതിയ പാർട്ടി ജൂലൈയോടെ ; ഇതുവരെ 18 ലക്ഷം അംഗങ്ങൾ

ചെന്നൈ: ബിജെപി വിട്ട് ആരംഭിച്ച ‘വി ദ ലീഡേഴ്സ്’ മൂവ്മെൻ്റ് ജൂലൈ മാസത്തോടെ രാഷ്ട്രീയ പാർട്ടിയായി മാറുമെന്ന് കെ അണ്ണാമലൈ. ‘വി ദ ലീഡേഴ്സ്’ മൂവ്മെൻ്റ് ജൂലൈയോടെ രാഷ്ട്രീയ പാർട്ടിയായി പരിണമിക്കാനുള്ള യഥാർത്ഥ ട്രാക്കിലാണെന്നും 50 ലക്ഷം അംഗത്വം നേടുക എന്നത് ലക്ഷ്യമാണെന്നും കെ അണ്ണാമലൈ പറഞ്ഞു. യാതൊരു പ്രതീക്ഷയുമില്ലാതെ ഇതുവരെ 18 ലക്ഷം അംഗങ്ങൾ മൂവ്മെൻ്റിനൊപ്പം ചേർന്നുവെന്നും അണ്ണാമലൈ വ്യക്തമാക്കി. സോഷ്യൽ മീഡിയ ലൈവിലാണ് അണ്ണാമലൈയുടെ പ്രതികരണം.

തൻ്റെ മൂവ്മെൻ്റ് വലിയൊരു മാറ്റം കൊണ്ടുവരുമെന്ന വിശ്വാസത്തിലാണ് ആളുകൾ അംഗങ്ങളാകുന്നത്. ഓൺലൈനിലൂടെ മാത്രമല്ല, നേരിട്ടും അംഗത്വം സ്വീകരിക്കാം. രാഷ്ട്രീയ പാർട്ടിയാകുന്നതോടെ, ഇതിന്റെ പ്രവർത്തനങ്ങൾ ജൂലൈ മുതൽ മറ്റൊരു രൂപത്തിലാകും, ജനങ്ങൾ അത് കാണാൻ പോകുകയാണെന്നും അണ്ണാമലൈ പറഞ്ഞു.

തൻ്റെ മൂവ്മെൻ്റ് ഒരിക്കലും പരാജയപ്പെടില്ല, കള്ളം പറയില്ല, ജനങ്ങളെ തെറ്റായ വഴിയിലൂടെ നയിക്കുകയുമില്ല. എല്ലാ മതങ്ങൾക്കും തങ്ങൾ തുല്യരാണ്, അതിൽ മറിച്ചു ചിന്തിക്കേണ്ട കാര്യമില്ല. നിലവിൽ നടക്കുന്ന അംഗത്വം ക്യാമ്പയിൻ വരും മാസങ്ങളിലും തുടരും. സംസ്ഥാനത്തെ വിവിധ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു ജനകീയ മുന്നേറ്റമായി സംഘടനയെ മാറ്റുകയാണ് ലക്ഷ്യമെന്നും അണ്ണാമലൈ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *