ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഗാനവിവാദത്തിന് ഒടുവിൽ തമിഴ്നാട് നിയമസഭയിൽ പരിഹാരം. പതിറ്റാണ്ടുകളായി സംസ്ഥാനം പിന്തുടരുന്ന പരമ്പരാഗത പ്രോട്ടോക്കോൾ പാലിച്ച്, വ്യാഴാഴ്ച ചേർന്ന നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ ആലപിച്ചു. സമ്മേളനത്തിന്റെ ഒടുവിലാണ് ദേശീയഗാനം പ്ലേ ചെയ്തത്. കഴിഞ്ഞ മെയ് 10-ന് നടന്ന മുഖ്യമന്ത്രി വിജയിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഈ ക്രമം തെറ്റിച്ചതിനെച്ചൊല്ലി തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ വിവാദം പുകഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭയിൽ പഴയ പ്രോട്ടോക്കോൾ കർശനമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചത്. തമിഴ്നാട്ടിലെ ഔദ്യോഗിക സർക്കാർ ചടങ്ങുകൾ ‘തമിഴ് തായ് വാഴ്ത്ത്’ പാടി തുടങ്ങുകയും ദേശീയഗാനത്തോടെ അവസാനിക്കുകയുമാണ് പതിവ്. എന്നാൽ മെയ് മാസത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം വന്ദേമാതരമാണ് ആദ്യം ആലപിച്ചത്. തമിഴ് ഔദ്യോഗിക ഗാനം മൂന്നാമതായാണ് ചടങ്ങിൽ ഉൾപ്പെടുത്തിയത്.
വിവാദത്തിന് ഫുൾ സ്റ്റോപ്പിട്ട് സർക്കാർ
