സെർവിക്കൽ കാൻസർ പ്രതിരോധത്തിനുള്ള വാക്സിൻ സ്വീകരിച്ച പെൺകുട്ടികളിൽ ഗർഭാശയഗള കാൻസർ ബാധിച്ചുള്ള മരണസാധ്യത പൂജ്യമായി കുറഞ്ഞുവെന്ന് പഠനം. ലാൻസെറ്റ് ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിൽ നിന്നാണ് പഠനം പുറത്തുവന്നിരിക്കുന്നത്. വാക്സിൻ സ്വീകരിച്ചതുവഴി ഇതുവരെ 200 പേരുടെ ജീവൻ രക്ഷിക്കാനായെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. ലണ്ടനിലെ ക്വീൻ മേരി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ.
2008-ൽ സ്കൂൾ പ്രായത്തിലുള്ള പെൺകുട്ടികൾക്ക് എച്ചിപിവി കുത്തിവെപ്പ് നൽകാൻ തുടങ്ങിയതിനു ശേഷം മരണനിരക്ക് ഗണ്യമായി കുറഞ്ഞുവെന്ന് പഠനം പറയുന്നു. 2020-നും 2024- നും ഇടയിൽ 20 നും 24 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ ഗർഭാശയഗള അർബുദം മൂലം മരണങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. അഞ്ച് വർഷത്തെ കാലയളവിൽ ഇതാദ്യമാണെന്നും പഠനത്തിലുണ്ട്. വാക്സിനേഷൻ ഇല്ലായിരുന്നുവെങ്കിൽ ഏകദേശം 23 മരണങ്ങളെങ്കിലും ഉണ്ടാകുമായിരുന്നു എന്നാണ് കണക്കാക്കുന്നത്.
