തിരുവനന്തപുരം: മാസപ്പടിക്കേസിൽ കോടതിയിൽ എസ്എഫ്ഐഒ ഹാജരാക്കിയ രേഖകൾ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ലഭിക്കും. ടി.വീണയും സിഎംആർഎല്ലും തമ്മിലുള്ള കരാർ, വീണയുടെ ആദായ നികുതി റിട്ടേണുകളടക്കമുള്ള 134 സുപ്രധാന രേഖകളാണ് പിഎംഎൽഎ കോടതി വഴി ഇഡിക്ക് ലഭിക്കുക. കോടതി ഉത്തരവ് പ്രകാരം ഇന്നലെ ലഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്ന രേഖകൾ എസ്എഫ്ഐഒ കൈമാറുന്നത് വൈകിയതോടെയാണ് ഇന്നത്തേക്ക് കൈമാറാനായി മാറ്റിയത്.
ഈ രേഖകൾ ലഭിക്കുന്നതോടെ അന്വേഷണത്തിൽ പ്രതിപ്പട്ടികയിലുള്ള വീണയെ ഉൾപ്പടെ വീണ്ടും ചോദ്യം ചെയ്യുന്നതിലേക്കും തുടർനടപടികളിലേക്കും കടക്കാനാണ് ഇഡിയുടെ ശ്രമം. അതേസമയം, സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയെ കൂടുതൽ ചോദ്യം ചെയ്യലിനായി ഇഡി വീണ്ടും വിളിപ്പിച്ചേക്കും. വീണയുടെ മറുപടി വിശദമായി പരിശോധിച്ച ശേഷമായിരിക്കും തീരുമാനം.
കൊച്ചിയിലെ ഇഡി ഓഫീസിൽ കഴിഞ്ഞ ദിവസം എട്ട് മണിക്കൂറിലധികം ഇഡി വീണയെ ചോദ്യം ചെയ്തിരുന്നു. കേസിന്‍റെ ഭാഗമായി ആദ്യം അയച്ച സമൻസിൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് വീണ സാവകാശം തേടിയിരുന്നു. തുടർന്നാണ് ഇന്ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ രണ്ടാമതും ഇഡി സമൻസ് അയച്ചത്. കേസുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളുടെയും ചോദ്യം ചെയ്യൽ വേഗത്തിൽ പൂർത്തിയാക്കാൻ ഇഡി ശ്രമിക്കുന്നതിന്‍റെ ഭാഗമായാണ് വീണയെ തേടി രണ്ടാം സമൻസുമെത്തിയത്.
