മസ്‌കത്ത്: ഒമാനിൽ ഈ സീസണിൽ മുന്തിരി വിളവെടുപ്പിൽ റെക്കോർഡ് മുന്നേറ്റം. മുൻവർഷങ്ങളെ അപേക്ഷിച്ച് 150 ശതമാനത്തിലധികം ഉൽപാദന വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ മുന്തിരി വിപണിയുടെ ആകെ മൂല്യം 2.2 മില്യൺ റിയാൽ പിന്നിട്ടു. ഒമാന്റെ കാർഷിക മേഖലയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും വലിയ സാമ്പത്തിക ഉണർവേകുന്നതാണ് ഈ നേട്ടം. വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മുന്തിരികളോട് കിടപിടിക്കുന്ന മികച്ച ഗുണനിലവാരമാണ് ഒമാനി മുന്തിരികളുടെ പ്രധാന സവിശേഷത. നിലവിൽ രാജ്യത്ത് 220 ഏക്കറിലധികം സ്ഥലത്തായി പ്രതിവർഷം 1,100 ടൺ മുന്തിരിയാണ് ഉൽപാദിപ്പിക്കുന്നത്. ഇത് രാജ്യത്തിന്റെ ആഭ്യന്തര ഉപഭോഗത്തിന്റെ 4.6 ശതമാനമാണ്. 2025ലെ കണക്കുകൾ പ്രകാരം 1.7 ദശലക്ഷം ഒമാനി റിയാലിന്റെ വരുമാനമാണ് ഈ മേഖലയിൽ നിന്ന് രാജ്യത്തിന് ലഭിച്ചത്.
ഒമാനിൽ മുന്തിരി വിളവെടുപ്പിൽ വൻ മുന്നേറ്റം
