മേഖലയിലെ സമാധാനത്തിന് വഴിയൊരുക്കും

ദോഹ: യുഎസിനും ഇറാനുമിടയിലെ യുദ്ധവിരാമ ധാരണാപത്രത്തെ സ്വാഗതം ചെയ്ത് ഖത്തർ. പ്രാദേശിക, അന്താരാഷ്ട്ര മേഖലയിലെ സമാധാനത്തിന് ധാരണാപത്രം വഴിയൊരുക്കുമെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഫ്രാൻസിലെ ജി സെവൻ ഉച്ചകോടിക്കിടെയാണ് ഇരുരാഷ്ട്രങ്ങളും കരാറിൽ ഒപ്പുവച്ചിരുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര കപ്പൽ ഗതാഗതം, സൈനിക നടപടികൾ നിർത്തിവയ്ക്കൽ തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങളിൽ ഇരുരാഷ്ട്രങ്ങളും ധാരണയിലെത്തിയത് പശ്ചിമേഷ്യൻ മേഖലയിൽ സമാധാനത്തിനും അന്താരാഷ്ട്ര തലത്തിൽ സാമ്പത്തിക വളർച്ചയ്ക്കും സഹായകരമാകുമെന്ന് ഖത്തർ അറിയിച്ചു . പരസ്പര വിശ്വാസം വളർത്താനും സംഘർഷം ലഘൂകരിക്കാനും പാകിസ്താൻ നടത്തിയ മധ്യസ്ഥ ശ്രമങ്ങൾ അഭിനന്ദനീയമാണെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം പറഞ്ഞു. ധാരണാപത്രം അടുത്ത ഘട്ട ചർച്ചയ്ക്കുള്ള ഉറച്ച അടിത്തറയിട്ടു. ഇക്കാര്യത്തിൽ എല്ലാ കക്ഷികളും സഹകരിക്കണം. സമഗ്ര, സുസ്ഥിര ഫലത്തിനായുള്ള ഏകോപിച്ചുള്ള പ്രവർത്തനങ്ങളും വേണം. പ്രാദേശിക സുരക്ഷയും സ്ഥിരതയും ലക്ഷ്യമിട്ട് നടത്തുന്ന എല്ലാ സംരംഭങ്ങൾക്കും രാജ്യം പിന്തുണ നൽകും. സംഭാഷണങ്ങളിലൂടെ സമാധാനപരമായാണ് പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കേണ്ടത്. അന്താരാഷ്ട്ര നിയമങ്ങളും അയൽപക്ക ബന്ധങ്ങളും പരിഗണിച്ചാകണം ഇതെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *