2027 മുതൽ ഇലക്ട്രിക്ക് വാഹനങ്ങൾ മാത്രം; നിർദേശങ്ങളുമായി ഡൽഹിയുടെ പുതിയ വാഹന നയം

ഡൽഹി: വായുമലിനീകരണം കുറയ്ക്കുന്നതിനായി സംസ്ഥാന സർക്കാർ പുതിയ ഇലക്ട്രിക് വാഹന നയത്തിന്റെ ഡ്രാഫ്റ്റ് പുറത്തിറക്കി. പെട്രോൾ വാഹനങ്ങൾക്ക് ഒരു കൃത്യമായ സമയപരിധിയിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് രാജ്യതലസ്ഥാനത്തെ പൂർണ്ണമായും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്ക് മാറ്റാനാണ് ഈ പുതിയ നയം ലക്ഷ്യമിടുന്നത്. ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ ഈ ഡ്രാഫ്റ്റ് നയം പൊതുജനങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങൾക്കായി 30 ദിവസത്തേക്ക് സമർപ്പിച്ചിരിക്കുകയാണ്.

ഡ്രാഫ്റ്റ് അനുസരിച്ച് 2027 ജനുവരി ഒന്നുമുതൽ ഡൽഹിയിൽ പുതിയ ത്രീ വീലറുകൾ ഇലക്ട്രിക് മോഡലുകൾ മാത്രമായിരിക്കും രജിസ്റ്റർ ചെയ്യാൻ അനുവദിക്കുക. 2028 ഏപ്രിൽ ഒന്നുമുതൽ ഈ നിയന്ത്രണം ടൂ വീലറുകൾക്കും ബാധകമാകും. ഇതോടുകൂടി ഡൽഹിയിൽ പെട്രോൾ ടൂ വീലറുകളുടെ രജിസ്‌ട്രേഷൻ പൂർണമായും നിലയ്ക്കും. ഒപ്പം തന്നെ സ്കൂൾ ബസുകളും ഘട്ടം ഘട്ടമായി ഇലക്ട്രിക് ആക്കും. സർക്കാരിന്റെ വിവിധ ആവശ്യങ്ങൾക്കായി വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങളും പൂർണ്ണമായും ഇനി മുതൽ ഇലക്ട്രിക് ആയിരിക്കണം.

ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവരെ പ്രോത്സാഹിപ്പിക്കാനായി സബ്സിഡികളും ടാക്സിൽ ഇളവുകളും സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ റോഡ് ടാക്സ്, രജിസ്‌ട്രേഷൻ ഫീ എന്നിവയിലും പൂർണ്ണ ഇളവ് നൽകാനും ഡ്രാഫ്റ്റിൽ നിർദേശമുണ്ട്.
ചാർജിങ് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് ഡൽഹി ട്രാൻസ്‌കോ ലിമിറ്റഡിനെ നോഡൽ ഏജൻസിയായി നിശ്ചയിക്കും. വാഹന ഡീലർഷിപ്പുകളിലും ചാർജിങ് പോയന്റുകൾ നിർബന്ധമാക്കും. ഇതുവഴി സംസ്ഥാനത്തെ വായുമലിനീകരണത്തിന് വലിയ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *