അടുത്ത ആഴ്ച താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത

കുവൈത്ത്: വാരാന്ത്യത്തിൽ കുവൈത്തിന്റെ തീരപ്രദേശങ്ങളിൽ ഈർപ്പം ഉയരുമെന്ന് കാലാവസ്ഥാ വിദഗ്ധൻ ഈസ റമദാൻ മുന്നറിയിപ്പ് നൽകി. വെള്ളി, ശനി ദിവസങ്ങളിൽ തുടരുന്ന തെക്കുകിഴക്കൻ കാറ്റ് ചൂട് വർധിപ്പിക്കും. ഞായറാഴ്ച മുതൽ മിതമായതോ ശക്തമായതോ ആയ കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറുമെന്നും തിങ്കളാഴ്ച വരെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മരുഭൂമി പ്രദേശങ്ങളിലും തുറന്ന സ്ഥലങ്ങളിലും പൊടിക്കാറ്റിനും സാധ്യതയുണ്ട്. അടുത്ത ആഴ്ചയുടെ തുടക്കത്തിൽ വീണ്ടും താപനില ഉയരുമെന്നും പരമാവധി താപനില 47 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ എത്താനിടയുണ്ടെന്നും റമദാൻ വ്യക്തമാക്കി. ഉപരിതല ന്യൂനമർദ്ദ സംവിധാനത്തിന്റെ സ്വാധീനത്തോടൊപ്പം ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണ് രാജ്യത്തെ ബാധിച്ചിരിക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ അബ്ദുൽഅസീസ് അൽ-ഖറാവി പറഞ്ഞു. വെള്ളിയാഴ്ച കാലാവസ്ഥ ചൂടും താരതമ്യേന ഈർപ്പമുള്ളതുമായിരിക്കുമെന്നും പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ പരമാവധി താപനില 43 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാത്രിയിൽ ചൂട് കുറഞ്ഞെങ്കിലും തീരങ്ങളിൽ ഈർപ്പം തുടരുമെന്നും കുറഞ്ഞ താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *