ആലപ്പുഴ: ഇന്ധനവില കുറയുമെന്ന് ഉറപ്പുനൽകി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഭയപ്പെടേണ്ട, പെട്രോളിന്റെയും ഗ്യാസിന്റെയും വില കുറയും. പ്രതിസന്ധിഘട്ടത്തിൽ കൂട്ടിയതാണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉറപ്പു നൽകിയപ്പോൾ കാറ്ററിങ് കരാറുകാരനായ പി.വി. മാത്യു പൗവ്വത്തിലിന് ആശ്വാസം. തനിക്കുമാത്രമല്ല സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും ആശ്വാസമാകുന്നതാണിതെന്നും മാത്യു പറഞ്ഞു.
ആലപ്പുഴ നഗരത്തിലെ പൗവ്വത്തിൽ വീട്ടിൽ അപ്രതീക്ഷിത അതിഥിയായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തിയതിന്റെ അദ്‌ഭുതത്തിലായിരുന്നു വീട്ടുകാരെല്ലാം. വാർഡ് കൗൺസിലർ ആർ. കണ്ണനൊപ്പമാണ് മൂന്നുമണിയോടെ അദ്ദേഹമെത്തിയത്. പാചകവാതക വിലവർധന തന്റെ ബിസിനസിനെ ബാധിക്കുന്ന കാര്യം ഓർമ്മിപ്പിച്ചപ്പോഴാണ് അദ്ദേഹം ആശ്വാസം പകർന്നത്. ഇറാൻ യുദ്ധവും ഹോർമുസ് കടലിടുക്ക് പ്രതിസന്ധിയും വന്നപ്പോൾ വലിയ വിലകൊടുത്താണ് കേന്ദ്ര സർക്കാർ ഇന്ധനം വാങ്ങിയത്. എന്നാൽ, പ്രതിസന്ധിസമയത്ത് കേന്ദ്രസർക്കാർ വില കൂട്ടിയതുമില്ല. ഇപ്പോൾ വിലകൂട്ടിയത് കുറയ്ക്കും. കൂടിയവിലയ്ക്കു വാങ്ങിയ ഇന്ധനം കുറയുന്ന മുറയ്ക്ക് വില കുറയുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികളുടെ ലഘുലേഖ മാത്യുവിനും കുടുംബത്തിനും സുരേഷ് ഗോപി കൈമാറി. അതു വായിച്ച് അഭിപ്രായം അറിയിക്കണമെന്നും അഭ്യർഥിച്ചു. മാത്യുവിനു പുറമേ ഭാര്യ റീന, മകൻ അപ്പു, സുഹൃത്തുക്കളായ ജോണി മുക്കം, റോജോ, സുനിൽകുമാർ എന്നിവരും മാത്യുവിന്റെ വീട്ടിലെത്തിയിരുന്നു. ജിലേബിയും ബ്രെഡ് റോസ്റ്റും നൽകിയാണ് കേന്ദ്രമന്ത്രിയെ യാത്രയാക്കിയത്. നഗരത്തിലെ അഞ്ചുവീടുകളിലാണ് സുരേഷ് ഗോപി സന്ദർശനം നടത്തിയത്. നരേന്ദ്രമോദി സർക്കാരിന്‍റെ 12-ാമത് വാർഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നവഭാരത സദസ്സ് പരിപാടിക്കു മുന്നോടിയായിട്ടായിരുന്നു വീടുകളിലെ സന്ദർശനം. ആലപ്പുഴ നഗരസഭാ മുൻ അധ്യക്ഷൻ അരവിന്ദാക്ഷൻ, മുല്ലയ്ക്കൽ തിരുമല ശ്രീനിവാസം സുരേഷ് പൈ, വലിയകുളം ഇൻസാഫ് ഇസ്മയിൽ, തിരുവമ്പാടി ഗോപൻ കൊല്ലപ്പള്ളി എന്നിവരുടെ വീടുകളിലും സന്ദർശനം നടത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 2.30-നാണ് പരിപാടി തുടങ്ങിയത്.സംഭാഷണത്തിനുശേഷം ഫോട്ടോയെടുത്തും സെൽഫിയെടുത്തുമായിരുന്നു മടക്കം.
