സ്ത്രീകളുടെ കംപാർട്ട്‌മെന്റിൽ പുരുഷന്മാരുടെ യാത്ര: ഇനി 2500 രൂപ പിഴ

ന്യൂഡൽഹി: ട്രെയിനുകളിൽ സ്ത്രീകൾക്കായി മാറ്റിവെച്ചിട്ടുള്ള കോച്ചുകളില്‍ അനധികൃതമായി യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് കടുത്ത പിഴ ചുമത്താൻ ഇന്ത്യൻ റെയിൽവേ. ഇത്തരക്കാരിൽ നിന്ന് 2,500 രൂപ സ്പോട്ട് ഫൈൻ ഈടാക്കുന്ന പുതിയ നിയമം 2026 ജൂലൈ 1 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ട്രെയിനുകളിലെ പൂവാലശല്യവും അനധികൃത പ്രവേശനവും തടയുന്നതിനുമാണ് റെയിൽവേ മന്ത്രാലയത്തിന്റെ ഈ കർശന നടപടി. പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം സാധുവായ അനുമതിയില്ലാതെ ലേഡീസ് കോച്ചുകളിൽ പ്രവേശിക്കുന്ന പുരുഷന്മാരിൽ നിന്ന് റെയിൽവേ ഉദ്യോഗസ്ഥർക്ക് സംഭവസ്ഥലത്തു വെച്ചുതന്നെ 2,500 രൂപ പിഴ ഈടാക്കാം. പിഴയ്ക്ക് പുറമേ, നിയമം ലംഘിക്കുന്നത് ആവർത്തിക്കുന്നവർക്കെതിരെ 1989-ലെ റെയിൽവേ ആക്ട് പ്രകാരം നിയമനടപടികൾ സ്വീകരിക്കും. ഇവരെ നിർദ്ദിഷ്ട കാലയളവിലേക്ക് ട്രെയിൻ യാത്രകളിൽ നിന്ന് വിലക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. ജൂൺ 20 മുതൽ പ്രാബല്യത്തിൽ വന്ന ജൻ വിശ്വാസ് ആക്ട്, 2026 പ്രകാരമാണ് റെയിൽവേ ആക്ടിലെ സെക്ഷൻ 162 ന് കീഴിലുള്ള കുറ്റകൃത്യങ്ങൾക്കുള്ള പിഴത്തുക 500 രൂപയിൽ നിന്ന് 2500 രൂപയായി ഉയർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *