‘അമ്മ’യുടെ സാധാരണ മെമ്പറായി തുടരും; തുറന്ന കത്തുമായി നടന്‍ ടിനി ടോം

കൊച്ചി: താരസംഘടന അമ്മയിലെ കൂട്ട രാജിയില്‍ തുറന്ന കത്തുമായി നടന്‍ ടിനി ടോം. അനീതികള്‍ക്കെതിരെ ശബ്ദിച്ചതിന് ചിലര്‍ തന്നെ ഉന്നമിട്ടുവെന്ന് നടൻ കത്തിൽ ആരോപിക്കുന്നു. ഇനി സാധാരണ മെമ്പര്‍ മാത്രമായി സംഘടനയില്‍ തുടരും. അന്‍സിബയുടെ ആരോപണങ്ങള്‍ പൊലീസ് തള്ളിക്കളഞ്ഞതാണ്. ഒരു എഫ്‌ഐആര്‍ പോലും തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. താന്‍ ഇതൊന്നും മാധ്യമങ്ങളില്‍ പോയി പറയാന്‍ നിന്നില്ല. എല്ലാം ദൈവത്തിനും നീതിക്കും വിട്ടുകൊടുത്തു. ആരോടും പറയാതെ ഇറങ്ങിപ്പോയതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അമ്മയുടെ സാധാരണ മെമ്പറായി തുടരുമെന്നും ടിനി ടോം പറയുന്നു.

‘ആദ്യം നിങ്ങള്‍ എല്ലാവരോടും ഞാന്‍ നന്ദി അറിയിക്കട്ടേ, അമ്മയില്‍ നടന്നിട്ടുള്ള എല്ലാ തെരെഞ്ഞെടുപ്പുകളിലും വലിയ ഭൂരിപക്ഷത്തില്‍ എന്നെ വിജയിപ്പിച്ചതിനു 2018 മുതല്‍ ഇന്നലവരെ അമ്മയുടെ എക്‌സിക്യൂട്ടീവില്‍ ലാലേട്ടന്റെ കീഴിലും ഇപ്പോള്‍ ശ്വേത മേനോന്റെ കീഴിലും സത്യസന്ധമായി എനിക്ക് കഴിയും വിധം നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചു, അനീതികള്‍ക്കെതിരെ ഞാന്‍ ശബ്ദിച്ചതിന്റെ പേരില്‍ ഞാന്‍ ടാര്‍ഗറ്റ് ചെയപെട്ടിരിന്നു ആരോപണങ്ങള്‍ പോലീസ് FIR എടുക്കാതെ നിരുപാധികം തള്ളി കളയുകയും എനിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു ഇതൊന്നും ഞാന്‍ ഒരു ചാനലിലും വിളമ്പാന്‍ പോയിട്ടില്ല എല്ലാം ദൈവത്തിനും നീതിക്കും മാത്രം വിട്ടു കൊടുത്തു സത്യമെ ജയിക്കൂ അതാണ് തെളിഞ്ഞത്. ഇനി നിങ്ങളോട് ക്ഷമ ചോദിക്കുകയാണ് ആരോടും പറയാതെ ഇറങ്ങി പോകുന്നതില്‍, എന്ന് കരുതി നിങ്ങളുടെ വിളികള്‍ ഞാന്‍ അവഗണിക്കില്ല എനിക്ക് പറ്റുന്ന വിധത്തില്‍ ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകും എന്ന് നിങ്ങളുടെ സ്വന്തം സഹോദരന്‍ ടിനി ടോം’, എന്നാണ് കത്തില്‍ പറയുന്നത്.

ഇന്നലെയാണ് അമ്മ ഭരണസമിതി രാജിവെച്ചത്. ഭരണസമിതിയിലെ 17 പേരും രാജിവെക്കുകയായിരുന്നു. കാലാവധി പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയാണ് രാജി. ജോയിന്റ് സെക്രട്ടറിയായ അന്‍സിബ ഹസന്‍ നേരത്തെ രാജിവെച്ചിരുന്നു. അവിശ്വാസം നേരിടാതെയാണ് മുഴുവന്‍ അംഗങ്ങളും രാജിവെച്ചത്. ഇതോടെ ഒമ്പതംഗ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. രമേഷ് പിഷാരടിയാണ് കണ്‍വീനര്‍. കെ ബി ഗണേഷ് കുമാര്‍, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കൃഷ്ണ പ്രഭ, ആശാ അരവിന്ദ്, ഷാജോണ്‍, ദേവി ചന്ദന എന്നിവരാണ് അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങള്‍. നാല് മാസമായിരിക്കും അഡ്ഹോക്ക് കമ്മിറ്റി സംഘടനയെ നയിക്കുക. സ്ഥിരം സമിതിയുടെ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്നത് അഡ്‌ഹോക്ക് കമ്മിറ്റി തീരുമാനിക്കും. നടന്‍ ജഗദീഷാണ് അഡ്‌ഹോക്ക് കമ്മിറ്റിയെ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *