തമിഴനാടിന് ദോഷമായത് ഒന്നും ചെയ്തിട്ടില്ല; ഇത് തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണ്’; ഡീന്‍ കുര്യാക്കോസ്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി ഡീന്‍ കുര്യാക്കോസ് എംപി. തമിഴ്‌നാട് അനാവശ്യ പ്രകോപനമുണ്ടാക്കുന്നെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. തീക്കൊള്ളി കൊണ്ട് തലചൊറിയരുതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി, പുതിയൊരു ഡാം എന്ന തീരുമാനം നടപ്പാക്കുന്നതിന് വേണ്ടി കേരളത്തിന്റെ നിലപാടുമായി മുന്നോട്ട് പോകുകയാണ്. തമിഴ്‌നാട് അനാവശ്യമായ പ്രകോപനമാണ് ഇക്കാര്യത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇത് തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.

തമിഴനാടിന് ദോഷമായത് ഒന്നും കേരളം ചെയ്തിട്ടില്ല. ടിവികെയുടെ പ്രസ്താവനയ്ക്ക് നിലവില്‍ ഒരു പ്രസക്തിയും ഇല്ല. നിയമപരമായ സാധ്യതയും ഇല്ല. 152 അടിയായി മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തിയാല്‍ കേരളം ബാക്കി കാണില്ല എന്ന് എല്ലാവര്‍ക്കും അറിയാം. അനാവശ്യമായ പ്രകോപനം ഉണ്ടാക്കി ആശങ്ക ഉണ്ടാക്കുന്നതാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രഖ്യാപനം. നാഷണല്‍ ഡാം സേഫ്റ്റിയുടെ പരിഗണനയില്‍ ഉള്ള വിഷയമാണ് മുല്ലപ്പെരിയാറെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎസിന്റെ ആഭിമുഖ്യത്തില്‍ പരിശോധന നടക്കാന്‍ പോകുകയാണ്. കേരളത്തിന്റെ നിലപാട് പൊതുസമൂഹത്തിന് മുന്നില്‍ ഉണ്ട്. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ കേരളം നശിക്കും എന്നതില്‍ ആര്‍ക്കും സംശയം ഇല്ല. പുതിയ ഡാം എന്ന ചര്‍ച്ച നടക്കുകയാണ്. വളരെ പ്രകോപനപരമായ പ്രഖ്യാപനമാണ് ബഡ്ജറ്റ് പ്രസംഗത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *