കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യക്കേസില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഹൈക്കോടതിയിൽ മാപ്പപേക്ഷ നൽകി. നേരിട്ട് കോടതിയിൽ ഹാജരായാണ് മുഹമ്മദ് ഹനീഷ് മാപ്പപേക്ഷ സമർപ്പിച്ചത്. ഹാജരാകാൻ വൈകിയതിലും നിരുപാധികം മാപ്പപേക്ഷ നൽകി. അഴിമതിയുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി വൈകിയതിലാണ് കോടതി അലക്ഷ്യത്തിന് ഹൈക്കോടതി കേസെടുത്തത്.
പ്രോസിക്യൂഷൻ അനുമതി വൈകുന്നതിൽ സർക്കാർ തീരുമാനം എടുക്കാൻ കാലതാമസം ഉണ്ടായെന്നും, അതിന് നിരുപാധികം മാപ്പു ചോദിക്കുന്നുവെന്നുമാണ് എപിഎം മുഹമ്മദ് ഹനീഷ് കോടതിയെ അറിയിച്ചത്. കോടതി ഉത്തരവ് വായിക്കാൻ അറിയില്ലേയെന്ന് ഹൈക്കോടതി പരിഹാസപൂർവം ചോദിച്ചു. പ്രോസിക്യൂഷൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ജൂലൈ രണ്ടിനകം ഹാജരാക്കാൻ കോടതി നിർദേശിച്ചു. താൻ വകുപ്പിന്റെ ചുമതല ഒഴിഞ്ഞതായും എപിഎം മുഹമ്മദ് ഹനീഷ് കോടതിയെ അറിയിച്ചിട്ടുണ്ട്.
മുഹമ്മദ് ഹനീഷിന്റെ മാപ്പപേക്ഷയും, കേസിൽ കോടതി അലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകേണ്ടതുണ്ടോ എന്നതും ഹൈക്കോടതി ജൂലൈ രണ്ടിന് പരിഗണിക്കും. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിയിൽ പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട പ്രധാന കേസ് ജൂലൈ 9 ന് പരിഗണിക്കാനാണ് കോടതി നേരത്തെ നിശ്ചയിച്ചിട്ടുള്ളത്. കോടതി അലക്ഷ്യക്കേസിൽ നേരിട്ട് ഹാജരാകാൻ കൂട്ടാക്കാതിരുന്ന മുഹമ്മദ് ഹനീഷിനെതിരെ കഴിഞ്ഞദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.
തിങ്കളാഴ്ച കോടതിയിൽ നേരിട്ട് ഹാജരായില്ലെങ്കിൽ, അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും ഹൈക്കോടതി ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കിയിരുന്നു. കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിലാണ് മുഹമ്മദ് ഹനീഷ് കോടതിയിൽ ഹാജരായത്. പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകുന്നതിൽ മൂന്നു തവണയും അനുമതി നിഷേധിക്കപ്പെട്ടതോടെയാണ് കോടതിയലക്ഷ്യ നടപടികൾ തുടങ്ങിയത്.
