കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി പ്രതിസന്ധിയിൽ; ഇതര സംസ്ഥാന യാത്രകൾ താൽക്കാലികമായി മാറ്റിവെച്ചു

കൊച്ചി: കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഇതര സംസ്ഥാന യാത്രകൾ താൽക്കാലികമായി മാറ്റിവെച്ചു. നികുതിയിളവിന്റെ കാലാവധി അവസാനിച്ചതോടെയാണ് യാത്രാ ക്രമീകരണങ്ങളിൽ മാറ്റം വരുത്തേണ്ട സാഹചര്യം ഉണ്ടായത്. 2018 മുതൽ സംസ്ഥാന സർക്കാർ പൂർണ നികുതിയിളവ് അനുവദിച്ചിരുന്നു. കഴിഞ്ഞ മാർച്ച് 31ന് ഈ ഇളവിന്റെ കാലാവധി അവസാനിച്ചിരുന്നു. തുടർന്ന് 45 ദിവസത്തെ അധിക സമയ പരിധി അനുവദിച്ചു. ഈ മാസം 14ന് ആ അവധി അവസാനിച്ചു. ഇത് സ്വാഭാവികമായ ഭരണപരമായ കാലതാമസമാണെന്നും അറിയിച്ചു.

ബജറ്റ് ടൂറിസം സെല്ലിന്റെ കീഴിലുള്ള ബസുകൾക്കും സാധാരണ കെഎസ്ആർടിസി ബസുകൾക്കുള്ള ഇളവിനോടൊപ്പം നികുതിയിളവ് ലഭിച്ച് വരികയായിരുന്നു. യാത്രകൾ മാറ്റിയതോടെ നേരത്തെ ബുക്കിങ് നടത്തിയവരും പ്രവൃത്തി ദിവസങ്ങളിൽ അവധിയെടുത്തവരും ആശങ്കയിലായി. അഞ്ച് വർഷത്തേക്കുള്ള നികുതിയിളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏകദേശം 5300 ബസുകൾക്കായി കെഎസ്ആർടിസി സർക്കാർ അനുമതി തേടിയിട്ടുണ്ട്. ഇതുസംബന്ധിച്ച തീരുമാനം വന്ന ശേഷമേ ബജറ്റ് ടൂറിസം യാത്രകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിക്കാനാകൂവെന്നും അധികൃതർ വിശദീകരിച്ചു. അതേസമയം, നിലവിലുള്ള സംസ്ഥാനാന്തര സർവീസുകൾ തുടരുന്നതിന് തടസമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *