ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി ഷാർജയിൽ പുതിയ നിയമം

ഷാർജ: ഷാർജയിൽ ഡ്രോണുകളുടെ ഉപയോഗവും പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിനായി പുതിയ നിയമം പ്രഖ്യാപിച്ചു. എമിറേറ്റിന്റെ അതിർത്തിക്കുള്ളിൽ പറക്കുന്ന എല്ലാത്തരം ഡ്രോണുകൾക്കും ബാധകമായ നിയന്ത്രണങ്ങളാണ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ഡ്രോണുകളുടെ നിയന്ത്രണ സംവിധാനമോ അവ ഉപയോഗിക്കുന്ന ഉദ്ദേശ്യമോ നോക്കാതെ, എല്ലാത്തരം ഡ്രോണുകൾക്കും ഈ നിയമം ബാധകമായിരിക്കും.

ഫ്രീ സോണുകളും പ്രത്യേക വികസന മേഖലകളും ഉൾപ്പെടെ എമിറേറ്റിലുടനീളം ഈ നിയമം നടപ്പിലാക്കും. കൂടാതെ, പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വേണ്ടി ഡ്രോൺ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഇത് ബാധകമാണ്. എന്നാൽ സൈനിക, സുരക്ഷാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഡ്രോണുകളെ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതുതാത്പര്യമോ പ്രവർത്തനപരമായ അടിയന്തര സാഹചര്യങ്ങളോ പരിഗണിച്ച് സിവിൽ ഏവിയേഷൻ മേധാവി നൽകുന്ന പ്രത്യേക ഇളവുകളും ഇതിൽ ഉൾപ്പെടും.

യുഎഇയിൽ നിലവിലുള്ള ഫെഡറൽ നിയമങ്ങൾക്കും അതത് എമിറേറ്റുകളിലെ പ്രാദേശിക നിയമങ്ങൾക്കും വിധേയമായി വേണം ഡ്രോൺ ഓപ്പറേറ്റർമാർ പ്രവർത്തിക്കാൻ. ഫെഡറൽ ആവശ്യകതകൾക്ക് പുറമെ, തങ്ങൾ താമസിക്കുന്ന എമിറേറ്റിലെ നിയമങ്ങളും ഓപ്പറേറ്റർമാർ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി എയർസ്‌പേസ് സെക്ഷൻ സീനിയർ മാനേജർ അഹമ്മദ് അൽഷെഹി നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *