കൊച്ചി: കുന്നത്തുനാട് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ പി.വി ശ്രീനിജന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയില്‍ ക്രമക്കേട് നടന്നെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് നല്കിയ പരാതിയിലാണ് പുതിയ സര്‍ക്കാര്‍ വന്നതിന് തൊട്ടുപിന്നാലെ തന്നെ പ്രാഥമികാന്വേഷണം തുടങ്ങിയത്. പൊതുമേഖല സ്ഥാപനത്തിന്റെ സിഎസ്ആര്‍ ഫണ്ട് വാങ്ങി നടപ്പാക്കിയ പദ്ധതിയില്‍ ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം.
‘സ്ലേറ്റ്’ എന്ന പേരില്‍ കുന്നത്തുനാട് മണ്ഡലത്തിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയാണ് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയിലേക്ക് വരുന്നത്. പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്ലിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചായിരുന്നു പദ്ധതി നടപ്പാക്കിയത്. സെന്റ് തെരേസാസ് വെല്‍ഫെയര്‍ സൊസൈറ്റിയായിരുന്നു നടത്തിപ്പുകാര്‍. ആദ്യ ഘടത്തില്‍ 2023- 24 അധ്യയന വര്‍ഷത്തില്‍ തുടങ്ങിയ പദ്ധതിയ്ക്ക് രണ്ടു ഘട്ടങ്ങളിലായി ഒരു കോടി തൊണ്ണൂറു ലക്ഷം രൂപ ബിപിസിഎല്‍ നല്‍കിയെന്നാണ് പരാതിയിൽ പറയുന്നത്. എന്നാല്‍ ഈ പണമുപയോഗിച്ച് ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും പദ്ധതിയുടെ മറവില്‍ ശ്രീനിജന് സ്വന്തം നിലയ്ക്ക് പണപ്പിരിവ് നടത്തിയെന്നുമാണ് പരാതിക്കാരന്റെ ആരോപണം.
ഇക്കഴിഞ്ഞ ജനുവരിയില്‍ ജെയ്സല്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ പരാതിയിലാണ് സര്‍ക്കാര്‍ മാറിയതിനു പിന്നാലെയുളള പ്രാഥമികാന്വേഷണം. പദ്ധതി നടത്തിപ്പ് സുതാര്യമെന്നും കാര്യങ്ങള്‍ വിജിലന്‍സിനു മുന്നില്‍ വിശദീകരിക്കുമെന്നും നടത്തിപ്പുകാരായ സെന്റ് തെരേസാസ് വെല്‍ഫെയര്‍ സൊസൈറ്റി അധികൃതര്‍ പ്രതികരിച്ചു. അതേസമയം ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്നാണ് പിവി ശ്രീനിജിന്റെ മറുപടി.
