മരണംവരെ കോൺഗ്രസ് അല്ലാത്ത മറ്റൊരു രാഷ്ട്രീയമില്ല

കോഴിക്കോട്: രാജിവെച്ചെന്ന വാർത്തകൾ നിഷേധിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്. വെള്ളിയാഴ്ചയാണ് നിജേഷ് അരവിന്ദ് രാജിക്കത്ത് കെപിസിസിക്ക് കൈമാറിയെന്ന വാർത്തകൾ പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് രാജിവാർത്തകൾ തള്ളി അദ്ദേഹം രംഗത്തെത്തിയത്. മാറ്റമില്ലാത്ത കോൺഗ്രസുകാരനായി നാളെയും ഇവിടെത്തന്നെ കാണുമെന്നും മരണംവരെ കോൺഗ്രസ് അല്ലാത്ത മറ്റൊരു രാഷ്ട്രീയവുമില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടി പരിഗണിച്ചില്ലെന്ന് ആരോപിച്ചാണ് നിജേഷ് രാജിക്കത്ത് നൽകിയതെന്നായിരുന്നു റിപ്പോർട്ടുകൾ. എലത്തൂർ സീറ്റിലേക്ക് ആദ്യം പരിഗണിച്ചെങ്കിലും അന്തിമ പട്ടികയിൽ സീറ്റ് ലഭിക്കാത്തതും പിന്നീട് ബാലുശ്ശേരിയിൽ പ്രചാരണ ചുമതല നൽകിയെങ്കിലും കാര്യമായ ഉത്തരവാദിത്തങ്ങളൊന്നും ഏൽപ്പിക്കാതിരുന്നതുമാണ് രാജിക്ക് കാരണമായെന്നായിരുന്നു വാർത്തകളിലുണ്ടായിരുന്നത്. എന്നാൽ, വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഇത്തരം വാർത്തകൾ നിജേഷ് പൂർണമായും നിഷേധിച്ചു.

സംഘടനാപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ ഉൾപ്പെടെയുള്ള ചില നേതാക്കൾക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ കത്തയച്ചിരുന്നു. പരസ്യപ്പെടുത്തേണ്ട വിഷയങ്ങൾ അല്ലാതിരുന്നതു കൊണ്ടുതന്നെ മാധ്യമങ്ങൾക്ക് നൽകാനോ സാമൂഹികമാധ്യമങ്ങളിലൂടെയോ കത്തിന്റെ ഉള്ളടക്കം പുറത്തു പറയുകയോ ചെയ്തിരുന്നില്ല. വ്യക്തികളേക്കാൾ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നതു കൊണ്ടുതന്നെ പ്രസ്ഥാനത്തിന് പ്രയാസമുണ്ടാക്കുന്ന ചെറിയൊരു ചലനം പോലും എന്നിൽ നിന്ന് ഉണ്ടാവില്ല. നേതൃത്വത്തിലെ ഉത്തരവാദിത്തപ്പെട്ടവർക്ക് അയച്ച കത്ത് മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയും അസത്യവും അർദ്ധസത്യവും പ്രചരിപ്പിച്ച് ആടിനെ പട്ടിയാക്കി മാറ്റി പുകച്ചു പുറത്തു ചാടിക്കാൻ ശ്രമിക്കുന്ന കുടില ബുദ്ധിയെ നമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *