കൊച്ചി: അങ്കണവാടിയിൽ വെച്ച് മൂന്നര വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ അങ്കണവാടി വർക്കർക്കെതിരെ കർശന നടപടി. സുരക്ഷാ വീഴ്ച വരുത്തിയ ജീവനക്കാരിയെ സർവീസിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യാൻ വനിതാ ശിശുവികസന വകുപ്പ് മന്ത്രി നിർദേശം നൽകി. അങ്കണവാടി പരിസരങ്ങളിൽ പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിക്കരുതെന്ന കർശന സർക്കാർ നിർദേശം ലംഘിച്ചതിനാണ് ഈ അടിയന്തര നടപടി.
കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുപതുകാരനായ പ്രതിക്കെതിരെ പൊലീസ് പോക്‌സോ (POCSO) നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതി ഈ അങ്കണവാടിയിൽ സ്ഥിരമായി വന്നിരുന്ന ആളാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. പത്തോളം കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ മാതാപിതാക്കൾ തന്നെയാണ് കുട്ടിയെ ദിവസവും എത്തിച്ചിരുന്നത്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ പ്രത്യേക അന്വേഷണം നടത്തുന്നതിനായി ജോയിന്റ് ഡയറക്ടർ, നിർഭയ സെൽ കോഓർഡിനേറ്റർ, ഐസിപിഎസ് പ്രോഗ്രാം കോഓർഡിനേറ്റർ എന്നിവരടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തി.
