പാസ്പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല; വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ഡൽഹി: ഇന്ത്യൻ പാസ്‌പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും അത് ‘യാത്രാരേഖ’ മാത്രമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പതിനാലാമത് പാസ്‌പോർട്ട് സേവാ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര തലത്തിൽ വ്യക്തിയുടെ ദേശീയത സാക്ഷ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് പാസ്‌പോർട്ട് നൽകുന്നത്. എന്നാൽ ഇത് ഒരാളുടെ ഇന്ത്യൻ പൗരത്വത്തിനുള്ള അന്തിമ തെളിവല്ല. പാസ്‌പോർട്ടിൽ വ്യക്തമാക്കുന്നത് പോലെ, ഈ രേഖ പൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്. ആവശ്യപ്പെടുന്ന പക്ഷം ഇത് സർക്കാരിലേക്ക് തിരികെ നൽകാൻ
കൈവശക്കാരൻ ബാധ്യസ്ഥനാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്ന ബയോമെട്രിക് ഡാറ്റ അടങ്ങിയ ഇ-പാസ്‌പോർട്ടുകൾ ഇന്ത്യ വിജയകരമായി നടപ്പിലാക്കി കഴിഞ്ഞുവെന്നും അധികൃതർ വ്യക്തമാക്കി. ഇതുവരെ 1.47 കോടി ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്തു. പോലീസ് വെരിഫിക്കേഷൻ ഒഴികെ, 6 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഇപ്പോൾ പാസ്‌പോർട്ട് ലഭ്യമാക്കുന്നുണ്ട്. ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ളവർക്ക് നിലവിൽ 27 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനവും, 47 രാജ്യങ്ങളിൽ വിസ ഓൺ അറൈവൽ സൗകര്യവും, 66 രാജ്യങ്ങളിൽ ഇ-വിസ സൗകര്യവും ലഭ്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയും പൗരത്വം തെളിയിക്കാനുള്ള അന്തിമ രേഖകളല്ലെന്ന് നേരത്തെ സുപ്രീം കോടതിയും ഹൈക്കോടതികളും വ്യക്തമാക്കിയിട്ടുണ്ട്. ഇവ കേവലം തിരിച്ചറിയൽ-വിലാസ രേഖകൾ മാത്രമാണ്. 1955-ലെ സിറ്റിസൺഷിപ്പ് ആക്ട് പ്രകാരമാണ് ഒരാളുടെ ഇന്ത്യൻ പൗരത്വം നിയമപരമായി നിശ്ചയിക്കുന്നത്. ജനന തീയതി, മാതാപിതാക്കളുടെ പൗരത്വം തുടങ്ങിയ മാനദണ്ഡങ്ങളാണ് ഇതിനായി പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *