പ്രിയദര്‍ശിനി പദ്ധതി; ദിവസം 2.5 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് മന്ത്രി സി. പി ജോണ്‍

ന്യൂഡല്‍ഹി: കേരളത്തിൽ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര പ്രഖ്യാപിച്ച പ്രിയദര്‍ശിനി പദ്ധതിയില്‍ ഒരു ദിവസം 2.5 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. ഒരു കിലോമീറ്ററിന് സര്‍ക്കാര്‍ 55 രൂപ വീതം നല്‍കിയാല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാമെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചിട്ടുണ്ട്. ഈ നിര്‍ദേശം പരിശോധിക്കുമെന്നും സി. പി ജോണ്‍ വ്യക്തമാക്കി. ഡല്‍ഹിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. കെഎസ്ആര്‍ടിസിയില്‍ ടിക്കറ്റ് ഇതര വരുമാനം കൂട്ടണമെന്നും മന്ത്രി പറഞ്ഞു.

ശമ്പളവും, പെന്‍ഷനും മുടങ്ങാതെ നല്‍കും. ഓര്‍ഡിനറി ബസുകളുടെ എണ്ണം കൂട്ടാന്‍ ഉടന്‍ ഉദ്ദേശിക്കുന്നില്ല. ഇപ്പോള്‍ ഉള്ളത് പോലെ പോകട്ടെ എന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. നവകേരള ബസ് ഇപ്പോള്‍ എവിടെ എന്ന് അറിയില്ല. ഇതേപ്പറ്റി അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നമ്മുടെ ലൈസന്‍സിന് ഒരു വിലയും ഇല്ല എന്ന് പരാതി ഉണ്ട്. ചിപ്പ് ഘടിപ്പിച്ച ഹോളോഗ്രാം ഉള്ള ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡ് നല്‍കണമെന്നും മന്ത്രി പറഞ്ഞു. തനിക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ല എന്നുള്ള കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി.

തനിക്ക് വാഹനം ഓടിക്കാന്‍ അറിയില്ല. ലൈസന്‍സ് എടുക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. പുക പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നേടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പരിശോധന വ്യാപകമാക്കും. വ്യാജ സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. റോഡിലെ എ ഐ ക്യാമറകള്‍ പലതും പ്രവര്‍ത്തിക്കുന്നില്ല. വഴുതക്കാട് തന്റെ വീടിന് മുന്നിലെ ക്യാമറ ഒക്കെ പൊളിച്ചു കളഞ്ഞു. എഐ ക്യാമറ പദ്ധതിയില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *