ബെൽഫാസ്റ്റ്: ശ്രേയസ് അയ്യരുടെ നായകത്വത്തിൽ ഇന്ത്യൻ ടി20 ടീം ഇന്ന് അയർലൻഡിനെതിരെ പുതിയ യുഗത്തിന് തുടക്കമിടുകയാണ്. അയർലൻഡിനെതിരായ ടി20 പരമ്പരക്കിറങ്ങുമ്പോൾ 15-കാരൻ വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റ സാധ്യതയും സഞ്ജു സാംസന്റെ സ്ഥാനവും ടീം തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയങ്ങളാണ്. ടി20 ടീമിന്റെ പുതിയ ക്യാപ്റ്റനായ ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ ഇന്ത്യ കളിക്കുന്ന ആദ്യ പരമ്പരയാണിത്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റുക മാത്രമല്ല, ടി20 ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയാണ് ശ്രേയസ് അയ്യരെ ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്. ഐപിഎല്ലിലെയും ആഭ്യന്തര ക്രിക്കറ്റിലെയും മികച്ച പ്രകടനമാണ് ശ്രേയസിന് വഴിതുറന്നത്. ആരാധകർ ശ്രദ്ധിക്കുന്ന മറ്റൊരു താരം വൈഭവാണ്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും എ ടീമിനായും തകർത്തടിച്ച 15കാരൻ വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുമോ എന്നാണ് ആരധകരുടെ ആകാംക്ഷ.
വൈഭവ് വരുമ്പോൾ ആര് വഴിമാറും, സഞ്ജുവോ അതോ അഭിഷേകോ?
