അഡ്‌ഹോക് കമ്മിറ്റി ഓണ്‍ലൈന്‍ യോഗം ചേര്‍ന്നെന്ന് രമേശ് പിഷാരടി, വാര്‍ത്താസമ്മേളനം മാറ്റിവെച്ച് ശ്വേത മേനോന്‍

കൊച്ചി: അഡ് ഹോക്ക് കമ്മിറ്റി ഓണ്‍ലൈനായി യോഗം ചേര്‍ന്നെന്ന് രമേശ് പിഷാരടി എംഎല്‍എ. രാജിവെച്ചുപുറത്തുപോയ വരെ തിരിച്ചെത്തിക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുന്‍ അധ്യക്ഷ ശ്വേതാ മേനോന്‍ ഇന്ന് നടത്താനിരുന്ന വാര്‍ത്താസമ്മേളനം മാറ്റിവെച്ചു.

അമ്മയിലെ പൊട്ടിത്തെറിയും ശ്വേതാ മേനോന്റെ അധ്യക്ഷതയിലുള്ള ഭരണസമിതി കൂട്ടത്തോടെ രാജിവച്ചതും സംഘടനയിലെ ഗ്രൂപ്പിസം വര്‍ദ്ധിപ്പിക്കുകയാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ അഡ്‌ഹോക്ക് കമ്മിറ്റിക്ക് ഉത്തരവാദിത്വങ്ങളും കൂടുതലാണ്. എംഎല്‍എ കൂടിയായ രമേഷ് പിഷാരടിയാണ് കമ്മിറ്റിയുടെ കണ്‍വീനര്‍. ഓണ്‍ലൈനായി ആദ്യയോഗം ചേര്‍ന്നുവെന്നും പുതിയ ഭരണസമിതി വൈകാതെ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പ്രതികരിച്ചു. പുതിയ ഭരണസമിതിയിലേക്ക് മത്സരിക്കാന്‍ ഇല്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.

അതേസമയം മുന്‍ പ്രസിഡണ്ട് ശ്വേതാ മേനോന്‍ ഇന്ന് വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് അറിയിച്ചിരുന്നത്. അസുഖം ആയതിനാല്‍ മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു ഭരണസമിതികളുടെയും മുഴുവന്‍ കണക്കുകളും വിശദമായ ഓഡിറ്റിന് വിധേയമാക്കണമെന്നാണ് ഒരു വിഭാഗം മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യം. ഇക്കാര്യത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി എടുക്കുന്ന തീരുമാനവും നിര്‍ണായകമാകും. അങ്ങനെ ഉണ്ടായില്ലെങ്കില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ വന്ന കമ്മിറ്റിയെ താഴെയിറക്കാന്‍ ബോധപൂര്‍വമായ അജണ്ട സൃഷ്ടിച്ചുവെന്ന വാദത്തിന് ബലം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *