ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പ് കേസില്‍ സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ക്ഷേത്ര കൊള്ളയുടെ വ്യാപ്തി പുറത്തുകൊണ്ടുവരാന്‍ സ്വതന്ത്ര അന്വേഷണത്തിലൂടെ മാത്രമേ കഴിയൂ. ഹിന്ദുമതത്തിന്റെ സ്വയം പ്രഖ്യാപിത സംരക്ഷകര്‍ എന്നവകാശപ്പെടുന്നവര്‍ പൂര്‍ണ്ണമായും തുറന്നുകാട്ടപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയോധ്യയെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തിനായി ബിജെപിയും ആര്‍എസ്എസും ഉപയോഗിക്കുകയായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന്റെ മറവിലാണ് ഇപ്പോൾ ഭക്തരുടെ സംഭാവന കൊള്ളയടിച്ചിരിക്കുന്നത്.
ഭക്തരുടെ വികാരങ്ങളെ പൂര്‍ണ്ണമായും പരിഹസിക്കുകയാണ് സ്വയം പ്രഖ്യാപിത സംരക്ഷകർ ചെയ്തതെന്നും കെ. സി വേണുഗോപാല്‍ വിമര്‍ശിച്ചു.
അതേസമയം അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പില്‍ യുപി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ എട്ട് പേരെ എസ്ഐടി അറസ്റ്റ് ചെയ്തിരുന്നു. ടിനു യാദവ്, അനുകൽപ് മിശ്ര, ലവ്കുശ് മിശ്ര, മനീഷ് യാദവ്, സുഭാഷ് ശ്രീവാസ്തവ, അവിനാശ് ശുക്ല, കരുണേഷ് പാണ്ഡെ, രാം ശങ്കര്‍ മിശ്ര എന്നിവരാണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ സംഭാവന എണ്ണിതിട്ടപ്പെടുത്താന് നിയോഗിക്കപ്പെട്ടവരായിരുന്നു ഇവര്‍. ക്ഷേത്ര ട്രസ്റ്റ് മേധാവി ചമ്പത് റായി ഇന്ന് രാജിവെക്കുകയും ചെയ്തിരുന്നു. ട്രസ്റ്റ് അംഗമായ അനില്‍ മിശ്രയും രാജിക്കത്ത് കൈമാറിയിരുന്നു. എസ്ഐടി റിപ്പോര്‍ട്ടിന് പിന്നാലെയാണ് രാജി. ഇരുവര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
വിഎച്ച്പി ഉപാധ്യക്ഷന്‍ കൂടിയായ ചമ്പത് റായിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് എസ്ഐടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 200 കോടിയില്‍ അധികം രൂപയുടെ തട്ടിപ്പ് അയോധ്യയില്‍ നടന്നെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യക അന്വേഷണ സംഘം സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വിവാദം കനക്കുന്ന പശ്ചാത്തലത്തില്‍ ട്രസ്റ്റ് പിരച്ചു വിടണമെന്ന ആവശ്യം ശക്തമാണ്. പ്രധാനമന്ത്രിയായിരിക്കും ഇതില്‍ അന്തിമ തീരുമാനമെടുക്കുക.
