ദുബൈ: ദുബൈ മെട്രോയുടെ പുതിയ ‘ബ്ലൂ ലൈൻ’ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി സെന്റർപോയിന്റ് മെട്രോ സ്റ്റേഷനിലെ പ്രധാന കാൽനടപ്പാലം താത്കാലികമായി അടയ്ക്കുന്നതായി റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). മൾട്ടിസ്റ്റോറി കാർ പാർക്കിങ് കെട്ടിടത്തെ സെന്റർപോയിന്റ് മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പാലമാണ് അടയ്ക്കുന്നത്. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ സുരക്ഷിതമായ ബദൽ യാത്രാ പാത ആർ.ടി.എ ഒരുക്കിയിട്ടുണ്ട്. റെഡ് ലൈൻ പ്രവേശന കവാടത്തിലേക്ക് നേരിട്ടെത്താൻ ഈ താത്കാലിക പാതയിൽ കൃത്യമായ ദിശാസൂചക ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. യാത്ര സുഗമമാക്കാൻ ഒരുക്കിയിരിക്കുന്ന താത്കാലിക ക്രമീകരണങ്ങളോട് യാത്രക്കാർ സഹകരിക്കണമെന്നും യാത്രയ്ക്കായി അല്പം കൂടുതൽ സമയം നീക്കിവെച്ച് ഇറങ്ങണമെന്നും അതോറിറ്റി വ്യക്തമാക്കി. ദുബൈയുടെ പൊതുഗതാഗത രംഗത്തെ ഏറ്റവും വലിയ വികസന പദ്ധതികളിലൊന്നായ ദുബൈ മെട്രോ ബ്ലൂ ലൈൻ 30 കിലോമീറ്റർ നീളത്തിലാണ് നിർമിക്കുന്നത്.
ദുബൈ മെട്രോ സെന്റർപോയിന്റ് സ്റ്റേഷനിലെ കാൽനടപ്പാലം താത്കാലികമായി അടയ്ക്കുന്നു
