അധികാരം കിട്ടിയാല്‍ പിന്നെ എന്ത് ന്യൂനപക്ഷ അവകാശങ്ങള്‍?; കെ എം ഷാജിക്കെതിരെ എം ശിവപ്രസാദ്

തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ അനുവദിക്കുന്ന വീടുകള്‍ക്ക് മുന്നില്‍ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ ചിത്രം അടങ്ങിയ എംബ്ലം വെക്കുന്നതില്‍ കുഴപ്പമില്ലെന്ന മന്ത്രി കെ എം ഷാജിയുടെ പരാമര്‍ശത്തിനെതിരെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. അധികാരം മനുഷ്യനെ മയക്കുമെന്ന് കേട്ടിട്ടുണ്ടെന്നും എന്നാല്‍ ചേര തോല്‍ ഉരിയുന്നത് പോലെ ഇത്രയും നാള്‍ പറഞ്ഞ രാഷ്ട്രീയം ഉരിഞ്ഞ് കളഞ്ഞ് സുന്ദരക്കുട്ടനായി നില്‍ക്കുന്ന ലീഗ് നേതാവിനെ കാണുമ്പോള്‍ കൗതുകം തോന്നി പോവുകയാണെന്നുമായിരുന്നു എം ശിവപ്രസാദ് പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശിവപ്രസാദിന്റെ പ്രതികരണം.

അധികാരത്തിനുവേണ്ടി രാഷ്ട്രീയ വിഷയങ്ങള്‍ വൈകാരികമായി അണികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് കയ്യടി നേടുകയും അധികാരം കിട്ടിയാല്‍ അതേ രാഷ്ട്രീയം ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നത് ഒരു നല്ല രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയായി തോന്നുന്നില്ല. സംഘപരിവാറിനോട് ഇന്ത്യയിലെ മതനിരപേക്ഷ സമൂഹം നടത്തുന്ന പോരാട്ടം കേവലം അധികാര തര്‍ക്കമല്ല. അത് ഇന്ത്യയുടെ ആശയങ്ങളെ നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും ഉള്ള പോരാട്ടമാണ്. അത് തിരിച്ചറിയാതെ അധികാരം തലക്ക് പിടിച്ച് നടുവെ ഓടുകയാണ് ലീഗ് നേതാവ് ചെയ്യുന്നത്. ന്യൂനപക്ഷ രാഷ്ട്രീയം ഈ നേതാവിന് അധികാരത്തിലേക്കുള്ള ചവിട്ടുപടി മാത്രമാണ്. അധികാരം കിട്ടിയാല്‍ പിന്നെ എന്ത് ന്യൂനപക്ഷ അവകാശങ്ങള്‍? എന്ത് സംഘപരിവാര്‍? എന്തു പോരാട്ടം എന്നും ശിവപ്രസാദ് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *