ഡോക്ടറുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക് ഉപയോഗിക്കരുത്; മുന്നറിയിപ്പ്

കൊല്ലം: ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം തടയാൻ ആരോഗ്യവകുപ്പ് ഫലപ്രദമായി ഇടപടണമെന്ന് പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ രൂപവത്കരിച്ച ഡോ. എസ്.എസ്. ലാലിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതി നിർദേശിച്ചു. പകർച്ചവ്യാധികൾ പടരുമ്പോൾ ഡോക്ടറുടെ നിർദേശമില്ലാതെ ഇവ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സമിതിയുടെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആഗോള ആരോഗ്യ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതികളെ ഭീതിയിലാഴ്ത്തുന്ന പ്രതിസന്ധിയാണ് ആൻറി മൈക്രോബിയൽ റെസിസ്റ്റൻസെന്ന് ആരോഗ്യപ്രവർത്തകരും ആരോഗ്യസംഘടനകളും നിരന്തരം ഓർമ്മിപ്പിക്കുന്നുണ്ട്. പക്ഷേ, പലരും സ്വയം ചികിത്സയുടെ ഭാഗമായി ആന്റിബയോട്ടിക്കുകൾ ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെതന്നെ മെഡിക്കൽ സ്റ്റോറുകളിൽനിന്നു വാങ്ങി ഉപയോഗിക്കുന്നുമുണ്ട്. അശാസ്ത്രീയമായ ആന്റി മൈക്രോബിയലുകളുടെ ഉപയോഗത്തെ തുടർന്ന് ശരീരത്തിലെ മൈക്രോഫ്ളോറയ്ക്ക് വ്യതിയാനം സംഭവിക്കുന്നു. പിന്നീട് എപ്പോഴെങ്കിലും ഈ വിഭാഗത്തിൽപ്പെട്ട മരുന്നുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ഇവ ഫലപ്രദമല്ലാതാകുകയും ചെയ്യുന്നു. ലോകാരോഗ്യസംഘടന ഈ നൂറ്റാണ്ടിലെ ഏറ്റവും ഗുരുതരമായ പൊതുജനാരോഗ്യഭീഷണി ആയിട്ടാണ് ഇതിനെ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *