പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല

ന്യൂഡൽഹി: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പോഷന്‍ അഭിയാനില്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് കോടികളുടെ കുടിശിക. 26 കോടി രൂപയാണ് കുടിശിക ആയിട്ടുള്ളത്. ഇന്‍സെന്റിവുകളും കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടികളുടെയും തുകയാണ് മാസങ്ങളായി കുടിശികയുള്ളത്.

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന അംഗണവാടികളുടെ കാര്യത്തിലും തുടരുന്നുവെന്നാണ് വിമര്‍ശനം. പോഷന്‍ അഭിയാന്‍ പദ്ധതിയില്‍ സംസ്ഥാനത്തെ 33120 അങ്കണവാടികളിലെ വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കുമാണ് തുക കുടിശിക ഉള്ളത്. പോഷന്‍ അഭിയാന്‍ 2.0യില്‍ 22.77 കോടിയും കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടിയില്‍ 3.63 കോടിയുടെയുമാണ് കുടിശിക.

കുടിശിക കൂടുതല്‍ കാസര്‍ഗോഡ് ജില്ലയിലാണ്. 3.9 കോടിരൂപയാണ് ജില്ലയില്‍ മാത്രം ലഭിക്കാനുള്ളത്. മലപ്പുറം 3.81 കോടി, തൃശൂര്‍ 3.24 കോടി, തിരുവനന്തപുരം 2.96 കോടി എന്നിങ്ങനെയും പണം കിട്ടാനുള്ളതായും വിവരാവകാശരേഖ സാക്ഷ്യപ്പെടുത്തുന്നു.

മാസത്തില്‍ 21 ദിവസം അങ്കണവാടികള്‍ തുറന്ന് ഹാജര്‍ രേഖപ്പെടുത്തുന്നതിന് വര്‍ക്കര്‍ക്കും ഹെല്‍പ്പര്‍ക്കും 250 രൂപ വീതവും ഗൃഹ സന്ദര്‍ശനം 60% വും കുട്ടികളുടെ വളര്‍ച്ചനിരക്ക് സംബന്ധിച്ച പരിശോധന 80 ശതമാനവും പൂര്‍ത്തീകരിച്ചാല്‍ വര്‍ക്കര്‍ക്ക് 250 രൂപ വീതവും ലഭിക്കണം. ഇതാണ് മാസങ്ങളായി മുടങ്ങിക്കിടക്കുന്നത്. പോഷന്‍ ട്രാക്കര്‍ ആപ്പിലാണ് പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ രേഖപ്പെടുത്തേണ്ടത്. സാമൂഹ്യ അധിഷ്ഠിത പരിപാടിയില്‍ മാസത്തില്‍ രണ്ടുതവണ ആരോഗ്യ അവബോധ ക്ലാസ് നടത്തണം. ഇതിനുള്ള ചായ, സ്‌നാക്‌സ് എന്നിവയ്ക്കാണ് 250 രൂപ വീതം നല്‍കുന്നത്. നിലവില്‍ ഈ തുക കയ്യില്‍ നിന്നും ചിലവാക്കേണ്ടുന്ന സാഹചര്യമാണ്. ഈ ഇനത്തില്‍ സംസ്ഥാനത്തു ആകെ കുടിശിക ഉള്ളത് 3.63 കോടി രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *